തിരുവനന്തപുരം
സിപിഐ എം സംഘടിപ്പിക്കുന്ന “സ്ത്രീപക്ഷ കേരളം’ എന്ന ക്യാമ്പയിൻ ഏറെ പ്രധാനപ്പെട്ടതെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ ജനറൽ സെക്രട്ടറിയും സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവുമായ മറിയം ധാവ്ളെ. സിപിഐ എം സംഘടിപ്പിക്കുന്ന സ്ത്രീപക്ഷ കേരളം ക്യാമ്പയിനിൽ സംസാരിക്കുകയായിരുന്നു അവർ.
സ്ത്രീകൾ പുരുഷന്മാരെപ്പോലെ തന്നെ തുല്യരാണെന്നും അവരും മനുഷ്യരാണെന്നും അവരുടെ അവകാശങ്ങളും മനുഷ്യാവകാശങ്ങൾ ആണെന്നും സമൂഹത്തെ അറിയിക്കാനുള്ള കേരളത്തിന്റെ ശ്രമമാണിതെന്നും അവർ പറഞ്ഞു. ഇത് അഭിനന്ദനീയമാണ്. രാജ്യത്തൊട്ടാകെയും പ്രത്യേകിച്ച് ബിജെപി ഭരണത്തിന് കീഴിലുള്ള സംസ്ഥാനങ്ങളിലും സ്ത്രീകൾ കടുത്ത അതിക്രമങ്ങൾക്ക് ഇരയാകുകയാണ്. പല കേസുകളിലും പ്രതികളെ ബിജെപി സംരക്ഷിക്കുകയും സർക്കാർ ജോലി നൽകുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്. കേരളത്തിൽ സംസ്ഥാന സർക്കാർ ഇവയ്ക്കെല്ലാം എതിരെയാണ് പ്രവർത്തിക്കുന്നത്.
രാജ്യത്ത് കോവിഡ് കാരണമായുണ്ടായ തൊഴിലില്ലായ്മ വലിയ പ്രശ്നം സൃഷ്ടിക്കുകയാണ്. ഗോഡൗണിൽ ധാന്യമുണ്ടായിട്ടും ആളുകൾ പട്ടിണി കിടക്കുന്ന സാഹചര്യമാണ്. എന്നാൽ കേരളത്തിൽ അർഹർക്ക് ഭക്ഷ്യക്കിറ്റും പണവും സർക്കാർ അനുവദിച്ചു. മഹിളാ അസോസിയേഷന്റെ ഓരോ അംഗവും സ്ത്രീപക്ഷ കേരളം ക്യാമ്പയിന് ഒപ്പമുണ്ടെന്നും അവർ പറഞ്ഞു.