ബീജിങ്
പുതിയ കാലാവസ്ഥാ ഉപഗ്രഹം ‘ഫെൻജായിൻ 3ഇ’ (എഫ്വൈ3ഇ) വിജയകരമായി വിക്ഷേപിച്ച് ചൈന. വടക്കുപടിഞ്ഞാറൻ ചൈനയിലെ ജിയുക്വാൻ ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തിൽനിന്നായിരുന്നു വിക്ഷേപണം. പ്രഭാത കാലാവസ്ഥ പഠിക്കുന്ന ലോകത്തെ ആദ്യ ഉപഗ്രഹമാണ്.
ചൈനയുടെ മുൻ കാലാവസ്ഥാ ഉപഗ്രഹങ്ങളെല്ലാം പകൽ പത്തിനും രണ്ടിനുമെടുത്ത കാലാവസ്ഥാ വിവരങ്ങളാണ് കൈമാറിയിരുന്നത്. ‘എഫ്വൈ3ഇ’ എല്ലാ ദിവസവും പുലർച്ചെ ഭൂമിയുടെ ഒരേ ഭാഗവും വൈകിട്ട് നേരെ എതിർഭാഗവും നിരീക്ഷിക്കും. ഇപ്രകാരം, കാലാവസ്ഥയിലെ ചെറുമാറ്റങ്ങൾപോലും രേഖപ്പെടുത്താൻ കഴിയുമെന്നാണ് ശാസ്ത്രജ്ഞർ കണക്കാക്കുന്നത്.
ഭൂമിയിലെ മഞ്ഞുപാളികളുടെ അളവ്, സമുദ്രോപരിതല ഊഷ്മാവ്, പ്രകൃതി ദുരന്തങ്ങൾ എന്നിവയും രേഖപ്പെടുത്തും. ബഹിരാകാശ കാലാവസ്ഥയും അതിന്റെ പ്രത്യാഘാതങ്ങളും പ്രത്യേകം പഠിക്കും. പതിനൊന്ന് അത്യാധുനിക റിമോട്ട് സെൻസിങ് ഉപകരണമാണ് ഉപഗ്രഹത്തിലുള്ളത്. എട്ടുവർഷത്തെ സേവനമാണ് പ്രതീക്ഷിക്കുന്നത്.