ബ്രസീലിയ
കോപ അമേരിക്ക ഫുട്ബോൾ സെമിയിൽ അർജന്റീന കൊളംബിയയോട്. നാളെ പുലർച്ചെ 6.30നാണ് മത്സരം. ഒരു കിരീടത്തിനായി അർജന്റീന കൊതിക്കാൻ തുടങ്ങിയിട്ട് മൂന്നുപതിറ്റാണ്ടടുക്കുന്നു. അവസാനമായി മതിമറന്ന് ആഘോഷിച്ചത് 1993 കോപ അമേരിക്ക വിജയം. പിന്നീട് നിരാശ മാത്രം. 2014 ലോകകപ്പ്, നാല് കോപ ഉൾപ്പെടെ അഞ്ച് പ്രധാന ഫൈനലുകളിൽ തോറ്റു. നാലിലും ലയണൽ മെസി ടീമിന്റെ ഭാഗമായിരുന്നു. ക്ലബ് ജീവിതത്തിൽ മെസി നേടാത്ത കിരീടങ്ങളില്ല. ലോക ഫുട്ബോളർ പട്ടം ആറുവട്ടം നേടി. എന്നാൽ 2008 ഒളിമ്പിക്സ് സ്വർണം ഒഴിച്ചുനിർത്തിയാൽ അർജന്റീന കുപ്പായത്തിൽ മുപ്പത്തിനാലുകാരന്റെ സമ്പാദ്യം ശൂന്യമാണ്. ഈ കോപയും അടുത്തവർഷത്തെ ലോകകപ്പും മാത്രമാണ് മെസിക്ക് മുന്നിലുള്ളത്.
ഇക്കുറി അർജന്റീന ഇഴഞ്ഞാണ് തുടങ്ങിയത്. ചിലിയുമായി സമനിലയോടെ തുടക്കം. അടുത്ത കളികൾ ജയിച്ചെങ്കിലും കളി നന്നായില്ല. എന്നാൽ ഗ്രൂപ്പിലെ ബൊളീവിയയുമായുള്ള അവസാന മത്സരത്തിലും ഇക്വഡോറിനെതിരായ ക്വാർട്ടറിലും അർജന്റീന ‘അർജന്റീനയായി’. എതിരാളിയുടെ വല നിറച്ച് മുന്നേറി. രണ്ട് കളിയിൽ ഏഴ് ഗോളടിച്ചു. വഴങ്ങിയത് ഒരെണ്ണം മാത്രം. നാലുവീതം ഗോളും അവസരങ്ങളും ഒരുക്കിയ മെസിയാണ് അർജന്റീനയുടെ നായകൻ. ഏറെ കാലത്തിനുശേഷമാണ് മെസി ദേശീയ കുപ്പായത്തിൽ ഇത്രയും മികവിലെത്തുന്നത്.
ക്രിസ്റ്റ്യൻ റൊമേറോ, റോഡ്രിഗോ ഡി പോൾ, എയ്ഞ്ചൽ ഡി മരിയ എന്നിവരും മികച്ച പ്രകടനമാണ് നടത്തുന്നത്. കൊളംബിയക്കെതിരെ മെസിയുടെ അർജന്റീനയ്ക്കായുള്ള 150–-ാം കളികൂടിയാണ്. ‘കൊളംബിയ ശക്തരാണ്. മികച്ച പ്രതിരോധക്കാരും ആക്രമണം നയിക്കാൻ കെൽപ്പുള്ള കളിക്കാരും അവരുടെ നിരയിലുണ്ട്. സമ്മർദമില്ലാതെ കളിക്കുക എന്നതാണ് രീതി’–-മെസി പറഞ്ഞു. ഷൂട്ടൗട്ടിൽ ഉറുഗ്വേയെ മറികടന്നാണ് കൊളംബിയ എത്തുന്നത്. ഗോൾകീപ്പർ ഡേവിഡ് ഒസ്പിനയാണ് അവർക്ക് ജയമൊരുക്കിയത്. ദുവാൻ സപാട്ട, യാറി മിന, ലൂയിസ് ഡയസ്, യുവാൻ കൊദ്രാദോ തുടങ്ങിയവരാണ് പ്രധാനികൾ.
സാധ്യത ടീം:
അർജന്റീന: എമിലിയാനോ മാർടിനെസ്, ഗൊൺസാലോ മൊണ്ടിയെൽ, ജെർമാൻ പെസെല്ല, നിക്കോളാസ് ഒട്ടമെൻഡി, മാർകോസ് അക്യൂന, റോഡ്രിഗോ ഡി പോൾ, ലിയാൻഡ്രോ പരദെസ്, പലാകിയോസ്, ലയണൽ മെസി, ലൗതാരോ മാർടിനെസ്, എയ്ഞ്ചൽ ഡി മരിയ.
കൊളംബിയ: ഡേവിഡ് ഒസ്പിന, ഡാനിയേൽ മ്യുനോസ്, യെറി മിന, ഡേവിൻസൺ സാഞ്ചെസ്, വില്യം ടെസിലോ, യുവാൻ കൊദ്രാദോ, വിൽമർ ബാരിയോസ്, ഗുസ്താവോ ക്യുലർ, ലൂയിസ് ഡയസ്, ലൂയിസ് മുറെയ്ൽ, ദുവാൻ സപാട്ട.