ന്യൂഡൽഹി
ടോക്യോ ഒളിമ്പിക്സിനുള്ള ഇന്ത്യൻ ടീമിനെ ഉദ്ഘാടന ചടങ്ങിലെ മാർച്ച്പാസ്റ്റിൽ ബോക്സർ മേരികോമും ഹോക്കി ക്യാപ്റ്റൻ മൻപ്രീത് സിങ്ങും നയിക്കും. സമാപന ചടങ്ങിൽ ഗുസ്തിക്കാരൻ ബജ്റങ് പുണിയയായിരിക്കും ദേശീയ പതാകയേന്തുക.
119 കായികതാരങ്ങൾ ഇക്കുറി അണിനിരക്കും. 85 മെഡലുകൾക്കായി ഇവർ മത്സരിക്കും. 75 ഒഫീഷ്യലുകളും സംഘത്തിലുണ്ടാകും. പുരുഷ വനിതാ ഹോക്കി ടീമുകളിൽ 32 പേരുണ്ട്. അത്ലറ്റിക്സിൽ 26. ഷൂട്ടിങ്ങിന് 15 പേരാണ്. ബോക്സിങ്ങിൽ 9, ഗുസ്തിക്ക് 7. അമ്പെയ്ത്തിൽ നാലുപേരുണ്ട്. ബാഡ്മിന്റണിൽ ഒളിമ്പിക്സ് വെള്ളി നേട്ടക്കാരി പി വി സിന്ധു അടക്കം നാലുപേർ. ടേബിൾ ടെന്നീസിന് നാല് അംഗങ്ങളും നീന്തൽ, സെയ്ലിങ്, ഗോൾഫ് എന്നിവയ്ക്ക് മൂന്നുപേർ വീതം. തുഴച്ചിലിന് രണ്ട് താരങ്ങളുണ്ട്. ടെന്നീസിൽ സാനിയ മിർസയടക്കം രണ്ട്. ഭാരോദ്വഹനം, ജുഡോ, ജിംനാസ്റ്റിക്സ്, ഫെൻസിങ്, അശ്വാഭാസം എന്നിവയിൽ ഓരോ അംഗങ്ങൾ.