ലണ്ടൻ
യൂറോകപ്പിൽ ഇനി മൂന്ന് കളികൾ മാത്രം ബാക്കി. ഇതുവരെ സ്കോർ ചെയ്തത് 135 ഗോളാണ്. അതിൽ സ്പെയ്നാണ് 12 ഗോളുമായി മുന്നിൽ. ഇറ്റലിക്കും ഡെൻമാർക്കിനും 11 ഗോളുണ്ട്.
ഒരു കളിയിൽ ശരാശരി 2.82 ഗോളെന്നാണ് കണക്ക്. 32 മിനിറ്റിൽ ഒരു ഗോൾ പിറന്നു. ഇടവേള കഴിഞ്ഞുള്ള 15 മിനിറ്റിലാണ് ഏറ്റവുമധികം ഗോളുണ്ടായത്–-29. ഗോളടിക്കാരിൽ മുമ്പിലുള്ളവരെല്ലാം നാട്ടിലേക്ക് മടങ്ങി. പോർച്ചുഗൽ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോയും ചെക്ക് താരം പാട്രിക് ഷിക്കുമാണ് അഞ്ച് ഗോളുമായി മുന്നിൽ. ബൽജിയം താരം റൊമേലു ലുക്കാക്കു, സ്വീഡന്റെ ഫോർസ്ബെർഗ്, ഫ്രാൻസിന്റെ കരീം ബെൻസമ എന്നിവർക്ക് നാല് ഗോൾ. ഇംഗ്ലണ്ടിന്റെ റഹീം സ്റ്റെർലിങ്, ഹാരി കെയ്ൻ, ഡെൻമാർക്കിന്റെ കാസ്പർ ഡോൾബെർഗ് എന്നിവർക്ക് മൂന്ന് ഗോളായി.
ഗോളികളിൽ സ്വിറ്റ്സർലൻഡിന്റെ യാൻ സോമ്മെറാണ് മിടുക്കൻ. അഞ്ച് കളിയിൽ 21 രക്ഷപ്പെടുത്തലുകൾ. തുർക്കിയുടെ ഉഗുർകാൻ കാകിർ മൂന്ന് കളിയിൽ 18 തവണ ഗോളെന്നുറച്ച പന്ത് തട്ടിയകറ്റി. വെയ്ൽസ് ഗോളി ഡാനി വാർഡിനും നാല് കളിയിൽ 18 ‘സേവു’കളുണ്ട്. പന്ത് കൈവശം വച്ചതിലും പാസിലെ കൃത്യതയിലും സ്പെയ്നാണ് മുന്നിൽ. സ്പെയ്ൻ പന്ത് കൈവശം വച്ചത് 67.2 ശതമാനമാണ്. ജർമനി 59.3 ശതമാനവും ഇറ്റലി 55.8 ശതമാനവും. പാസിലെ കൃത്യത 89.4 ശതമാനമാണ് സ്പെയ്നിന്. ജർമനിക്കത് 89.3, ഫ്രാൻസിന് 89 ശതമാനവുമായിരുന്നു.