തിരുവനന്തപുരം
കിറ്റെക്സിനെതിരെ കോൺഗ്രസ് നേതാക്കളായ ബെന്നി ബെഹ്നാൻ എംപിയും പി ടി തോമസ് എംഎൽഎയും അടക്കമുള്ളവർ ഉന്നയിച്ചത് ഗുരുതര പരാതി. ബെന്നി ബെഹ്നാൻ എംപി ദേശീയ മനുഷ്യാവകാശ കമീഷനാണ് പരാതി നൽകിയത്. ഈ പരാതി അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ കലക്ടർക്ക് കൈമാറി.
മാലിന്യം ഒഴുക്കുന്നു
മലിനീകരണ നിയന്ത്രണത്തിനുള്ള ലിക്വിഡ് ഡിസ്ചാർജ് സിസ്റ്റം കിറ്റെക്സിൽ സ്ഥാപിച്ചിട്ടില്ലെന്നും കമ്പനി രാസമാലിന്യം കടമ്പ്രയാറിലേക്ക് ഒഴുക്കുന്നുവെന്നുമായിരുന്നു പി ടി തോമസ് എംഎൽഎയുടെ പരാതി. നിയമസഭയിലും ജില്ലാ വികസനസമിതിയോഗത്തിലും അദ്ദേഹം പരാതി ഉന്നയിച്ചു.
മോശമായി
പെരുമാറുന്നുവെന്ന്
വനിതാ ജീവനക്കാരി
കോവിഡ് പരിശോധനയില്ലെന്നും അവധി നൽകാതെ ജീവനക്കാരോട് മോശമായി പെരുമാറുന്നുവെന്നുമുള്ള വനിതാ ജീവനക്കാരിയുടെ ശബ്ദ സന്ദേശം പുറത്തുവന്നു. സമാനമായ പരാതി കേരള ഹൈക്കോടതിക്കും ലഭിച്ചു. തുടർന്ന് ഹൈക്കോടതി നിർദേശപ്രകാരം കമ്പനിയിൽ പരിശോധന നടത്തി. വേതനം ലഭിക്കുന്നില്ല എന്ന പരാതിയിൽ ലേബർ ഓഫീസറും ആരോഗ്യപ്രവർത്തകരും പരിശോധിച്ച് ക്രമക്കേട് കണ്ടെത്തി.
ഇത് പരിശോധിക്കാൻ സ്ഥാപനത്തിന് നോട്ടീസും നൽകി. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയുടെ കേരള പ്രസിഡന്റ് ഇ എം ജോസഫ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ കുന്നത്തുനാട് പൊലീസ് അന്വേഷണം നടത്തി. കമ്പനിയുടെ ഷെഡിൽ സൗകര്യമൊരുക്കാതെ തൊഴിലാളികളെ താമസിപ്പിച്ചുവെന്ന വാർത്തയുടെ അടിസ്ഥാനത്തിൽ ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് അന്വേഷണം നടത്തി.