ഒറ്റപ്പാലം
മുകേഷ് എംഎൽഎ വിദ്യാർഥിയോട് അപമര്യാദയായി പെരുമാറിയെന്ന് വരുത്താനും സിപിഐ എമ്മിനെ പ്രതിക്കൂട്ടിലാക്കാനുമുള്ള കോൺഗ്രസ് ശ്രമം പാളി. വി കെ ശ്രീകണ്ഠൻ എം പിയുടെ നേതൃത്വത്തിൽ മീറ്റ്ന എസ്ആർകെ നഗറിലെ വിദ്യാർഥിയുടെ വീട്ടിലെത്തിയ കോൺഗ്രസ് സംഘത്തിന് കുട്ടിയെ കാണാതെ മടങ്ങേണ്ടി വന്നു. തിങ്കളാഴ്ച പകൽ പത്തരയോടെയാണ് വിഷ്ണു നാരായണന്റെ വീട്ടിൽ നേതാക്കളെത്തിയത്. വിഷ്ണുവിനെ കാണാത്തതിനെ തുടർന്ന് സിപിഐ എം നേതൃത്വം കുട്ടിയെ ഒളിപ്പിച്ചിരിക്കുകയാണെന്ന് ഇവർ പ്രചരിപ്പിച്ചു. എന്നാൽ എന്നെ ആരും ഒളിപ്പിച്ചിട്ടില്ലെന്നും താൻ അച്ഛനൊപ്പം പാലപ്പുറത്തെ സിഐടിയു ഓഫീസിൽ നേതാക്കളെ കണ്ട് കാര്യങ്ങൾ വിശദീകരിക്കുകയായിരുന്നുവെന്നും കുട്ടി വ്യക്തമാക്കി. ഇതോടെ എംപിയുടെ വാദം പൊളിഞ്ഞു.
വിഷ്ണുവിനെ കാണാത്തതിനെ തുടർന്ന് പകൽ 12.15ഓടെ പാലപ്പുറം എൻഎസ്എസ് കോളേജിനു മുന്നിലാണ് എംപിയും സംഘവും മാധ്യമങ്ങളെ കണ്ടത്.
തങ്ങൾക്ക് ഒരു പരാതിയുമില്ലെന്ന് വിദ്യാർഥിയും രക്ഷിതാക്കളും മാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചതും കോൺഗ്രസ് സംഘത്തിന് തിരിച്ചടിയായി.
പരാതിയില്ലെന്ന് കുട്ടിയുടെ കുടുംബം
മുകേഷ് എംഎൽഎയുടെ ഫോൺ സംഭാഷണവുമായി ബന്ധപ്പെട്ട സംഭവത്തിൽ പരാതിയില്ലെന്ന് ഒറ്റപ്പാലം സ്വദേശിയായ വിദ്യാർഥിയുടെ കുടുംബം. ഒറ്റപ്പാലം മീറ്റ്ന എസ്ആർകെ നഗർ വിഷ്ണുനിലയത്തിൽ വിഷ്ണുനാരായണനാണ് (14) മുകേഷ് എംഎൽഎയെ വിളിച്ചത്. മൂന്നാം തവണ ഫോൺ എടുത്ത മുകേഷ് ഓൺലൈൻ മീറ്റിങ്ങിലാണെന്നും പിന്നീട് വിളിക്കാനും ആവശ്യപ്പെട്ടു. അപ്പോൾതന്നെ വീണ്ടും മൂന്നു തവണ വിളിച്ചു. പിന്നീട് എംഎൽഎ തിരിച്ചുവിളിക്കുകയായിരുന്നു. ഓൺലൈൻ പഠന സൗകര്യമില്ലാത്ത കൂട്ടുകാരന് വേണ്ടിയാണ് വിളിച്ചത്. തിരക്കുള്ളയാളാണ്, ആറു തവണ വിളിച്ചപ്പോൾ ദേഷ്യം വന്നുകാണാം. അതിൽ പരിഭവമോ പരാതിയോയില്ലെന്ന് വിഷ്ണു നാരായണൻ പറഞ്ഞു. തിങ്കളാഴ്ച രാവിലെ പിതാവിനോടൊപ്പമെത്തിയാണ് വിഷ്ണുനാരായണൻ മാധ്യമങ്ങളെ കണ്ടത്.
വാണിയംകുളം ടിആർകെ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ വിഷ്ണു ക്ലാസ് ഗ്രൂപ്പിൽ നിന്നാണ് കൂട്ടുകാരന് ഫോൺ ഇല്ലെന്ന് അറിഞ്ഞത്. നടൻ കൂടിയായ മുകേഷിനെ ബന്ധപ്പെട്ടാൽ ഫോൺ കിട്ടുമെന്ന് വിചാരിച്ചു. പിന്നീട് കേൾക്കാൻ വേണ്ടി സുഹൃത്തിന്റെ നിർബന്ധത്തിൽ കോൾ റെക്കോർഡ് ചെയ്തു. മറ്റൊരു സുഹൃത്തിനു മാത്രം അയച്ച സന്ദേശം വ്യാപകമായി പ്രചരിച്ചത് എങ്ങനെയെന്നറിയില്ലെന്ന് വിഷ്ണുനാരായണൻ പറഞ്ഞു. ഞായറാഴ്ച് വൈകിട്ടാണ് അച്ഛൻ നാരായണനെ വിവരം അറിയിച്ചത്. പാരമ്പര്യവൈദ്യ ആയുർവേദ തൊഴിലാളി യൂണിയൻ (സിഐടിയു ) ജില്ലാ പ്രസിഡന്റാണ് നാരായണൻ. കുട്ടിയുടെ സുഹൃത്തിന് ഓൺലൈൻ പഠനസൗകര്യം സിപിഐ എം ഒരുക്കുമെന്ന് ജില്ലാ കമ്മിറ്റി അംഗം എം ഹംസയും കെ പ്രേംകുമാർ എംഎൽഎയും അറിയിച്ചു. ബാലസംഘം പ്രവർത്തകനാണ് വിഷ്ണു നാരായണൻ.