കണ്ണൂർ
“”അഴിമതി ആരോപണം ശരിയെന്നുതെളിഞ്ഞാൽ രാഷ്ട്രീയം ഉപേക്ഷിക്കും” – -പ്രഖ്യാപനത്തിൽ ഉറച്ചുനിന്നാൽ കെപിസിസി പ്രസിഡന്റ് കെ സുധാകരന് രാഷ്ട്രീയം ഉപേക്ഷിക്കേണ്ടി വരും. അത്രയേറെ തെളിവാണ് സുധാകരനെതിരെയുള്ളത്. ചിറക്കൽ രാജാസ് സ്കൂൾ വാങ്ങാൻ പിരിച്ച കോടികളുടെ വെട്ടിപ്പ്, ഡിസിസി ഓഫീസ് നിർമാണത്തിലെ സാമ്പത്തിക തിരിമറി, കോടികൾ ചെലവഴിച്ചുള്ള വീടുനിർമാണം, മറ്റ് ബിനാമി ഇടപാട് എന്നിവയാണ് ആരോപണം.
പരാതി ലഭിച്ചാൽ പ്രാഥമികാന്വേഷണം നടത്തുകയെന്നത് വിജിലൻസിന്റെ ചുമതലയാണ്. ഇതിനെയാണ് രാഷ്ട്രീയപ്രേരിതമെന്ന് സുധാകരൻ ആക്ഷേപിക്കുന്നത്. പരാതിക്കാരൻ തന്നെ കൊല്ലാൻ നോക്കിയിരുന്നുവെന്നാണ് ആരോപണം. പരാതി നൽകിയ പ്രശാന്ത്ബാബു ഡിസിസി ഓഫീസ് സെക്രട്ടറിയും നഗരസഭാ കൗൺസിലറുമായിരുന്നു. അതിലുപരി, സു-ധാകരന്റെ വിശ്വസ്തനും ഡ്രൈവറുമായിരുന്നു. അങ്ങനെയൊരാളുടെ പരാതി അന്വേഷണ ഏജൻസിക്ക് പരിഗണിക്കേണ്ടിവരും.കെ കരുണാകരന്റെ പേരിൽ രൂപീകരിച്ച ട്രസ്റ്റിനുവേണ്ടി രാജാസ് സ്കൂൾ വിലയ്ക്കുവാങ്ങുന്നതിന് 16 കോടി രൂപയ്ക്ക് കരാർ ഉറപ്പിച്ചതാണ്. ഈ തുകയ്ക്ക് രജിസ്റ്റർചെയ്യണമെന്നും 15.50 കോടിയേ നൽകൂവെന്നും പറഞ്ഞത് സുധാകരനാണ്. ഇതിൽ 50 ലക്ഷം രൂപ കോഴയായേ കാണാനാകൂ. സ്കൂൾ വാങ്ങാൻ പുതിയ ട്രസ്റ്റ് രൂപീകരിച്ചതും ദുരുദ്ദേശ്യത്തിലാണ്. ഇത്തരം വിവരം പുറത്തുവിട്ടത് പ്രശാന്ത് ബാബുവല്ല, സ്കൂൾ മാനേജ്മെന്റാണ്. സുധാകരനെതിരെ ശക്തമായി ആരോപണമുന്നയിച്ച മറ്റൊരാൾ മുൻ ഡിസിസി പ്രസിഡന്റ് അന്തരിച്ച പി രാമകൃഷ്ണനാണ്.
ഡിസിസി ഓഫീസ് നിർമാണത്തിനായി ആറ് കോടി രൂപയാണ് ഇതിനകം ചെലവഴിച്ചത്. നിർമാണസാമഗ്രി സംഭാവനയായും ലഭിച്ചു. എന്നിട്ടും പണി പാതിവഴിയിലാണ്. ഒരു മുൻ ഡിസിസി പ്രസിഡന്റ് സ്ഥാനമൊഴിയുന്നതിന് തൊട്ടുമുമ്പ് 25 ലക്ഷം രൂപ അക്കൗണ്ടിൽനിന്ന് പിൻവലിച്ചത് ആർക്കുവേണ്ടിയെന്ന ചോദ്യവുമുണ്ട്. കോടികളുടെ ആസ്തിയുടെ സ്രോതസും സുധാകരൻ വെളിപ്പെടുത്തേണ്ടിവരും. 2016ൽ ഉദുമ നിയമസഭാ മണ്ഡലത്തിൽ മത്സരിച്ചപ്പോൾ നടത്തിയ പ്രഖ്യാപനം തോറ്റാൽ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നാണ്. അതുണ്ടായില്ല.
അന്വേഷണം
നിയമപ്രകാരമാകണം: കെ സുധാകരൻ
സാമ്പത്തിക തിരിമറി നടത്തിയെന്ന മുൻ ഡ്രൈവറുടെ പരാതിയിൽ വിജിലൻസ് രഹസ്യാന്വേഷണം തുടങ്ങിയതോടെ അങ്കലാപ്പിലായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. അന്വേഷണം രാഷ്ട്രീയ പകപോക്കലാണെന്ന് ഇന്ദിരാ ഭവനിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
കള്ള് കുടിയന്റെ പരാതിയിൽ അന്വേഷിക്കുന്നത് ശരിയല്ല. എന്നാൽ, പൊതുപ്രവർത്തകൻ എന്ന നിലയിൽ പരാതി ലഭിച്ചാൽ അന്വേഷിക്കുന്നതിൽ തെറ്റില്ലല്ലോ എന്ന് ചോദിച്ചപ്പോൾ ഏത് അന്വേഷണവുമാകാമെന്ന് പറഞ്ഞ് തടിതപ്പി. ചിറക്കൽ രാജാസ് സ്കൂൾ വാങ്ങാൻ കരുണാകരൻ ട്രസ്റ്റിന്റെ പേരിൽ പിരിച്ച പണം തിരിച്ചുനൽകിയിട്ടുണ്ട്. എന്നാൽ, എത്ര പണം പിരിച്ചുവെന്നും ആർക്കൊക്കെ നൽകിയെന്നും പരസ്യപ്പെടുത്തില്ല. കമ്പനിയുടെ കാര്യം അതിലുള്ളവർ അറിഞ്ഞാൽ മതി, ജനം അറിയേണ്ട. ഡിസിസി ഓഫീസ് നിർമാണം തന്റെമാത്രം ഉത്തരവാദിത്തമല്ല. വിജിലൻസിന് പരാതി നൽകിയ പ്രശാന്ത് ബാബു തന്റെ സ്ഥിരം ഡ്രൈവറായിരുന്നില്ല. കോൺഗ്രസുകാരനായിരുന്ന ഇയാളെ 2013ൽ പുറത്താക്കിയതാണെന്നും കെ സുധാകരൻ പറഞ്ഞു.