ന്യൂഡൽഹി > മൂന്ന് സേന സംയുക്തമായുള്ള തിയറ്റർ കമാൻഡിൽ ഓരോന്നിന്റെയും ഉത്തരവാദിത്തത്തെച്ചൊല്ലിയുയർന്ന തർക്കത്തിന് വഴിയൊരുക്കിയത് മോഡി സർക്കാർ. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്തിന് തുടക്കംമുതൽ മോഡി സർക്കാർ നൽകിയ പ്രത്യേക പരിഗണനയാണ് തിയറ്റർ കമാൻഡ് സങ്കൽപ്പത്തോട് വ്യോമസേനയുൾപ്പെടെ പ്രകടിപ്പിക്കുന്ന സംശയങ്ങൾക്ക് കാരണം. കരസേനയെ പിന്തുണയ്ക്കലാണ് വ്യോമസേനയുടെ ഉത്തരവാദിത്തമെന്ന ബിപിൻ റാവത്തിന്റെ അഭിപ്രായത്തെ വ്യോമസേനാ മേധാവി എയർചീഫ് മാർഷൽ ആർ കെ എസ് ബദൗരിയ എതിർത്തിരുന്നു. റാവത്തിന്റെ വിവാദ പരാമർശങ്ങൾക്കെതിരെ വ്യോമസേനയിലാകെ വലിയ അമർഷമുണ്ട്. മുൻ വ്യോമസേനാസൈനികരും റാവത്തിനെതിരെ രംഗത്തുവന്നു.
മോഡി സർക്കാർ ആദ്യതവണ അധികാരമേറ്റതുമുതൽ സൈന്യത്തെ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമമാരംഭിച്ചിരുന്നു. മുൻ കരസേനാ മേധാവി വി കെ സിങ്ങിന് ലോക്സഭാ സീറ്റും തുടർന്ന് മന്ത്രിസ്ഥാനവും നൽകി വർഗീയ രാഷ്ട്രീയാശയങ്ങൾക്ക് കൂട്ടുനിന്നാൽ ഉന്നതസ്ഥാനങ്ങൾ ലഭിക്കുമെന്ന സന്ദേശം ബിജെപി നൽകി. പ്രവീൺ ബക്ഷി, പി എം ഹാരിസ് എന്നീ സീനിയർമാരെ തഴഞ്ഞ് മോഡി ബിപിൻ റാവത്തിനെ കരസേനാ മേധാവിയാക്കി. മൂന്നു വർഷത്തിനിടെ, റാവത്തിന്റെ പല പ്രസ്താവനകളും വിവാദമായി.
എന്നിട്ടും സംയുക്ത സേനാ മേധാവിയെന്ന തസ്തിക സൃഷ്ടിച്ച് റാവത്തിനെ ആദ്യ മേധാവിയാക്കി. തുടർന്നിപ്പോൾ തിയറ്റർ കമാൻഡ് രൂപീകരണത്തിന്റെ ഉത്തരവാദിത്തവും ഇദ്ദേഹത്തിന് കൈമാറി. സേനയ്ക്കുള്ളിൽ ഇപ്പോൾ ഉയർന്നിട്ടുള്ള ആശയക്കുഴപ്പവും അഭിപ്രായവ്യത്യാസവും സർക്കാരിന്റെയും റാവത്തിന്റെയും സൃഷ്ടിയാണ്.