ഫോൺ വിളിക്ക് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ പോലീസിനും സൈബർ സെല്ലിനും പരാതി നൽകിയേക്കുമെന്ന് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തു. പാലക്കാട് ഒറ്റപ്പാലത്ത് നിന്നും മുകേഷിനെ വിളിച്ച കുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കുട്ടി വിളിച്ച ഫോൺ നമ്പർ പുറത്തുവിടാൻ മുകേഷ് തയ്യാറായിട്ടില്ല. ഫിഷറീസ് വകുപ്പിൻ്റെ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് പത്താം ക്ലാസ് വിദ്യാർഥിയെന്ന് പരിചയപ്പെടുത്തിയ കുട്ടി എംഎൽഎയെ തുടർച്ചയായി ഫോണിൽ വിളിച്ചത്.
ആരോ പ്ലാൻ ചെയ്ത് വിളിക്കുന്നത് പോലെയാണ് ഫോൺ വരുന്നതെന്ന് ഫേസ്ബുക്ക് ലൈവിലൂടെ മുകേഷ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. “ആരോ പ്ലാൻ ചെയ്ത് വിളിക്കും പോലെയാണ് കോൾ വരുന്നത്. എന്നെ പ്രകോപിപ്പിക്കുകയാണ് ലക്ഷ്യം. പക്ഷേ അവർക്ക് ഇന്നുവരെ വിജയിക്കാൻ പറ്റിയിട്ടില്ല. വരുന്ന എല്ലാ കോളുകളും എടുക്കുന്നയാളാണ് ഞാൻ. എടുക്കാൻ പറ്റിയില്ലെങ്കിൽ തിരിച്ച് വിളിക്കാറുണ്ട്. വലിയ ആസൂത്രണത്തിന്റെ ഭാഗമായാണ് ഫോൺ കോൾ എത്തിയത്” – എന്നും മുകേഷ് പറഞ്ഞിരുന്നു.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലം വന്നതിനു ശേഷം ഈ ദിവസം വരെ നിരന്തരമായി തനിക്ക് നിരന്തരം കോളുകൾ വരുന്നുണ്ട്. ഒരു തരം വേട്ടയാടൽ എന്നു പറയാം. ഫോൺ ചാർജ് ചെയ്തു കഴിഞ്ഞാൽ ഒരു മണിക്കൂറുകൊണ്ട് ഫോണിന്റെ ചാർജ് പോകും വിധത്തിൽ തുടർച്ചയായി, ഹരാസ് ചെയ്യുന്ന രീതിയിൽ പല സ്ഥലങ്ങളിൽ നിന്നും കോളുകൾ വരികയാണ്. ചിലർക്ക് ട്രെയിൻ വൈകിയോ എന്ന് അറിയണം. ചിലർ കരണ്ടില്ലെന്ന് പറയുന്നു. പ്ലാൻ ചെയ്ത് എന്നെയൊന്ന് പ്രകോപിപ്പിക്കുകയാണ് ലക്ഷ്യമെന്നും മുകേഷ് വ്യക്തമാക്കിയിരുന്നു.
കുട്ടിയോട് കയർത്തു സംസാരിച്ച സംഭവത്തിൽ മുകേഷിനെതിരെ ബാലാവകാശ കമ്മീഷന് പരാതി നൽകിയിരുന്നു. വിദ്യാർത്ഥി സംഘടനയായ എംഎസ്എഫ് ആണ് പരാതി നൽകിയത്. പത്താം ക്ലാസ് വിദ്യാർത്ഥി ഒന്നിലധികം തവണ വിളിച്ചതിന്റെ പേരിൽ ഭീഷണിപ്പെടുത്തിയ എംഎൽഎക്കെതിരെ നടപടിയെടുക്കണമെന്നും അർഹമായ ശിക്ഷ നൽകണമെന്നുമാണ് എംഎസ്എഫിന്റെ ആവശ്യം.