തിരുവനന്തപുരം: കോവിഡ് കൈകാര്യ ചെയ്യുന്നതിൽ സംസ്ഥാന സർക്കാരിന്റെ ശൈലിയെ രൂക്ഷമായി വിമർശിച്ച് ആരോഗ്യ വിദഗ്ദ്ധനും നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ സ്ഥാനാർഥിയുമായിരുന്ന ഡോ.എസ്.എസ്.ലാൽ. ജനനന്മ കണക്കിലെടുത്ത് സർക്കാർ തെറ്റുതിരത്തണമെന്ന് ആവശ്യപ്പെട്ട ലാൽ തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നവരെ സമൂഹ മാദ്ധ്യമങ്ങളിൽ വളഞ്ഞിട്ട് ആക്രമിക്കുന്നത് സി.പി.എം ഒളിപ്പോരാളികളുടെ പതിവാണെന്നും ആരോപിച്ചു. സർക്കാർ സ്വന്തം ഇമേജിന്റെ തടങ്കലിലാണ്. നിപ്പ രോഗത്തിന്റെ കാര്യത്തിൽ സർക്കാർ ഒരുപാട് വീരഗാഥകൾ ചമച്ചു. ആരോഗ്യ പ്രവർത്തകർക്ക് കിട്ടേണ്ട അവാർഡുകൾ മന്ത്രിമാർ ചോദിച്ചു വാങ്ങി. കൊവിഡിനെയും ഇതുപോലെ കൈകാര്യം ചെയ്യാമെന്ന് വിശ്വസിച്ചു. എന്നാൽ കൈവിട്ടു പോയി. സകല ന്യായങ്ങളും പരാജയപ്പെട്ടപ്പോൾ കണ്ണിൽ കണ്ടവരെയെല്ലാം കുറ്റം പറഞ്ഞു. തെറ്റുകൾ ചൂണ്ടിക്കാട്ടിയവരെ ആക്ഷേപിച്ചു. വളഞ്ഞിട്ട് ആക്രമിച്ചെന്നും അദ്ദേഹം പറഞ്ഞു. ഫെയ്സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഡോ.എസ്.എസ്.ലാലിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്…
വീണ്ടും ചെറിയ വെല്ലുവിളികൾ, ജന നന്മയ്ക്കായ് മാത്രം
സർക്കാർ നയങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നവരെ സമൂഹ മാദ്ധ്യമങ്ങളിൽ വളഞ്ഞിട്ട് ആക്രമിക്കുന്നത് സി.പി.എം ഒളിപ്പോരാളികളുടെ പതിവാണ്. പാർട്ടി നേതൃത്വത്തിന്റെ അറിവോടെയാണിത് എന്ന് നമ്മൾ മനസിലാക്കണം. കാരണം പാർട്ടി ഇവരെ വിലക്കുന്നില്ല എന്നത് തന്നെ.
ഇവരെ പേടിച്ച് പല വിദഗ്ദ്ധരും വായ തുറക്കുന്നില്ല. കൊവിഡിന്റെ കാര്യത്തിലും ഇതാണ് സംഭവിക്കുന്നത്. സി.പി.എം – നെ പേടിക്കാതെ സത്യം പറയുന്ന കുറേയധികം ഡോക്ടർമാർ ഉള്ളതു കൊണ്ടാന്ന് കൊവിഡ് കാര്യത്തിൽ എന്തെങ്കിലും ചർച്ചകളെങ്കിലും നാട്ടിൽ നടക്കുന്നത്. എന്നെയും ഒരുപാട് ആക്രമിക്കുന്നുണ്ട്. യൂണിവേഴ്സിറ്റി കോളേജ് മുതൽ ഇവരെ കാണുന്നതുകൊണ്ടാണ് എനിക്ക് ഇവരെ ഭയമില്ലാത്തത്.
ടെലിവിഷനിൽ ഞാൻ ശാസ്ത്ര വിഷയങ്ങളിൽ അഭിപ്രായം പറയുമ്പോൾ കൂടെ പങ്കെടുക്കുന്ന സി.പി.എം. നേതാക്കൾ ഇന്നലെയും പറയുന്നത് ഞാൻ കോൺഗ്രസ് ആണെന്നാണ്. അതുകൊണ്ട്? മാത്രമല്ല, ഞാൻ കോൺഗ്രസ് ആണെന്ന് പറയുന്നയാളെ സി.പി.എം കാരൻ എന്നാണ് ടെലിവിഷനിൽ അവതരിപ്പിക്കുന്നതും എഴുതിക്കാണിക്കുന്നതും.
സി.പി.എം എന്ന് മാത്രമല്ല ആരോഗ്യ രംഗവുമായി ഒരു ബന്ധവും ഇല്ലാത്തവരുമാണ് ചർച്ചയിൽ പങ്കെടുക്കുന്ന മിക്കവരും. ചിലരുടെ ഡിഗ്രിയും പരിശീലനവും ന്യായീകരണത്തിൽ മാത്രമാണ്. കേസ് കൊവിഡായാലും സ്വർണമായാലും വാദിക്കാൻ ഒരേ ആളുകൾ. സി.പി.എം ആയാൽ ആരോഗ്യവും ചികിത്സയും പഠിച്ചിട്ടില്ലെങ്കിലും കൊവിഡ് ചർച്ചയിൽ പങ്കെടുക്കാം. കോൺഗ്രസ് ആയാൽ അത് ഡോക്ടറായാലും വായ തുറക്കരുത്. എന്ത് ന്യായമാണിത്?
എല്ലാ ചർച്ചയിലും സി.പി.എം കാർ പറയുന്നത് എന്നെ ഇനി ആരോഗ്യ വിദഗ്ദ്ധനായി കാണാൻ കഴിയില്ല എന്നാണ്. കാരണം ഞാൻ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചയാളാണ് എന്നതാണ്. പരാജയപ്പെട്ട ആളാണെന്നത് അതിലും വലിയ കുറ്റം. എന്തൊരു വാദമാണിത്? സി.പി.എം സ്ഥാനാർത്ഥിയായി മത്സരിച്ചാൽ ഒരു കുറവുമില്ല. കോൺഗ്രസ് ആയതാണ് പ്രശ്നം.
ഞാൻ ചോദിക്കട്ടെ. ആരാണ് ഡോക്ടർ ഇക്ബാൽ? അദ്ദേഹം രണ്ടു തവണ അസംബ്ലി തെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടയാളാണ്. ഇപ്പോൾ അദ്ദേഹം സർക്കാരിന്റെ കൊവിഡ് സാങ്കേതിക സമിതിയുടെ അദ്ധ്യക്ഷൻ ആണ്. പണ്ട് ന്യൂറോ സർജൻ ആയിരുന്നു. എനിക്കുള്ളതുപോലെ അദ്ദേഹത്തിന് പൊതുജനാരോഗ്യത്തിൽ എന്റെയറിവിൽ അക്കാദമിക് യോഗ്യതയില്ല. ഞങ്ങൾക്കതിൽ പരാതിയുമില്ല. അതു പറഞ്ഞ് ഞങ്ങൾ അദ്ദേഹത്തെ ആക്രമിക്കാറുമില്ല. അദ്ദേഹത്തിന്റെ അനുഭവങ്ങളോട് ഞങ്ങൾക്കും ബഹുമാനമുണ്ട്. രാഷ്ട്രീയ നിലപാടുകളോട് എതിർപ്പുള്ളപ്പോഴും. ഞങ്ങൾ പരസ്പരം ഫോണിൽ സംസാരിക്കാറുമുണ്ട്. പരസ്പര ബഹുമാനവുമുണ്ട്. എന്നാൽ കൊവിഡ് സാങ്കേതിക സമിതിയിൽ ഇക്ബാൽ സാറിനുള്ളതുപോലെ കഴിവില്ലാത്തവരും സി.പി.എം ബന്ധത്താൽ മാത്രം കയറിപ്പറ്റിയിട്ടുണ്ട് എന്നാണ് അറിഞ്ഞത്. അവരുടെ കാര്യം തൽക്കാലം വിടുന്നു.
ഇനി വീണ്ടും കൊവിഡിലേയ്ക്ക് വരാം. കൊവിഡ് കാര്യത്തിൽ കേരള സർക്കാരിനും തെറ്റുകൾ പറ്റിയിട്ടുണ്ട്. ലോകത്ത് മിക്ക സർക്കാരുകൾക്കും എന്ന പോലെ. അവരൊക്കെ തിരുത്തുന്നുണ്ട്. തെറ്റുകൾ പറ്റിയെന്ന് അംഗീകരിച്ചാലേ തിരുത്താൻ കഴിയൂ. അതാണ് ഇവിടെ പ്രശ്നം. സർക്കാർ സ്വന്തം ഇമേജിന്റെ തടങ്കലിലാണ്. നിപ്പ രോഗത്തിന്റെ കാര്യത്തിൽ സർക്കാർ ഒരുപാട് വീരഗാഥകൾ ചമച്ചു. ഒരു സ്വകാര്യാശുപത്രിയിലെ ഡോക്ടർ സന്ദർഭോചിതമായി പെരുമാറിയതും പ്രാദേശിക സർക്കാർ ആരോഗ്യ പ്രവർത്തകർ ഒപ്പം നിന്നതുമാണ് നിപ്പയിലെ യഥാർത്ഥ വിജയ കാരണം. അതിനെ രാഷ്ട്രീയ വിജയവും സിനിമയുമൊക്കെയാക്കി ആഘോഷിച്ചു. ഒരുപാട് കള്ളം പറഞ്ഞു. ആരോഗ്യ പ്രവർത്തകർക്ക് കിട്ടേണ്ട അവാർഡുകൾ മന്ത്രിമാർ ചോദിച്ചു വാങ്ങി. കൊവിഡിനെയും ഇതുപോലെ കൈകാര്യം ചെയ്യാമെന്ന് വിശ്വസിച്ചു. എന്നാൽ കൈവിട്ടു പോയി. സകല ന്യായങ്ങളും പരാജയപ്പെട്ടപ്പോൾ കണ്ണിൽ കണ്ടവരെയെല്ലാം കുറ്റം പറഞ്ഞു. തെറ്റുകൾ ചൂണ്ടിക്കാട്ടിയവരെ ആക്ഷേപിച്ചു. വളഞ്ഞിട്ട് ആക്രമിച്ചു.
മരണം രേഖപ്പെട്ടത്തുന്നതിൽ തെറ്റുകളുണ്ടെന്ന് പറഞ്ഞപ്പോൾ കൂടുതൽ പേർ മരിച്ചു കാണാൻ ഞാൻ ആഗഹിക്കുന്നതായി പറഞ്ഞാണ് ടെലിവിഷനിൽ എന്നെ മന്ത്രിമാർ കഴിഞ്ഞ വർഷം നേരിട്ടത്. നമുക്ക് തെറ്റുകൾ പറ്റിയിട്ടുണ്ട്. അത് അംഗീകരിക്കണം. തെറ്റുകൾ ജന നന്മയെ കരുതി തിരുത്തണം. ഇതുവരെ തെറ്റുപറ്റാത്തത് വൈറസിന് മാത്രമാണ്.
ഡോക്ടർ ഇക്ബാലിന്റെ പേരൊക്കെ പറഞ്ഞത് എന്തിനാണെന്നല്ലേ? അദ്ദേഹം ഉൾപ്പെടെയുള്ള സാങ്കേതിക വിദഗ്ദ്ധരെക്കൊണ്ട് ഒരേ സ്വരത്തിൽ പറയിക്കാമോ, സർക്കാരിന് കൊവിഡ് കാര്യത്തിൽ ഒരു തെറ്റും പറ്റിയിട്ടില്ലെന്ന്? ഇതൊരു വെല്ലുവിളിയായി തന്നെ സ്വീകരിക്കാം. പുതിയ മന്ത്രിക്കും.
പ്രതിപക്ഷ നേതാവിന്റെ നിർദ്ദേശങ്ങൾ സ്വീകരിച്ച്, കൊവിഡ് മൂലം മരിച്ചവരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ മന്ത്രി തയ്യാറായത് സ്വാഗതാർഹമാണ്. എന്നാൽ ഡോകടർമാർ കൊവിഡ് മരണമെന്ന് വിധിയെഴുതി ജില്ലാധികാരികൾ തലസ്ഥാനത്തേയ്ക്ക് അയച്ച റിപ്പോർട്ടിലെ പല മരണങ്ങളും സർക്കാരിന്റെ സമിതി തിരുത്തിയിരിക്കണം. അതില്ലെങ്കിൽ സമിതിയുടെ ആവശ്യമില്ലായിരുന്നല്ലോ. അതിനാൽ 2020 ഏപ്രിൽ 22 മുതൽ സാങ്കേതിക സമിതിയുടെ മുന്നിൽ വന്ന മുഴുവൻ മരണങ്ങടെയും ലിസ്റ്റ് പ്രസിദ്ധീകരിക്കാമോ? ഇതുമൊരു വെല്ലുവിളിയായി സ്വീകരിക്കാം. ജന നന്മയെ ഉദ്ദേശിച്ചു മാത്രമുള്ള വെല്ലുവിളിയാണിത്.
ഒരു കാര്യം ഓർത്താൽ നന്ന്. കൊവിഡ് മരണങ്ങൾ എണ്ണുന്ന കാര്യത്തിൽ സർക്കാരിന് പിശക് പറ്റിയിട്ടുണ്ടെന്ന് സർക്കാരിന്റെ കൊവിഡ് ഉപദേശകൻ റിട്ടയേഡ് ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീ. രാജീവ് സദാനന്ദൻ തന്നെ പറഞ്ഞതായി ബി.ബി.സി ഉൾപ്പെടെയുള്ള മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിനെപ്പറ്റി എന്താണ് അഭിപ്രായം? അദ്ദേഹം പറഞ്ഞത് ശരിയാണോ?
ഞാൻ കോൺഗ്രസുകാരനാണ്. അത് ഒളിവിലെ രാഷ്ടീയ പ്രവർത്തനമല്ല. കോൺഗ്രസ് നിരോധിക്കപ്പെട്ട രാഷ്ടീയ പാർട്ടിയുമല്ല. വിദ്യാർത്ഥി കാലം മുതൽ ഞാനീ പാർട്ടിയിൽ ഉണ്ട്. ചെറുപ്പ കാലത്ത് പാർട്ടിയിൽ നിന്ന് പഠിച്ചത് രാജ്യസേവനമാണ്. കള്ളക്കടത്തല്ല. അതിനാൽ ആരോഗ്യ വിഷയത്തിൽ അഭിപ്രായങ്ങൾ പറഞ്ഞു കൊണ്ടേയിരിക്കും. കൂടുതൽ കാര്യങ്ങൾ വരും ദിവസങ്ങളിൽ പറയുന്നുണ്ട്.
എനിക്ക് രാഷ്ടീയമുണ്ട്. പൊതുജനാനാരോഗ്യമാണ് എന്റെ രാഷ്ട്രീയം. തർക്കങ്ങൾ അതിലേയ്ക്ക് ഒതുക്കിയില്ലെങ്കിൽ അപ്രിയമായ പലതും എനിക്കിങ്ങനെ പറയേണ്ടിവരും. ഭരണമുണ്ടെന്ന് വിചാരിച്ച് കേരളത്തെ യൂണിവേഴ്സിറ്റി കോളേജ് ആക്കാൻ നോക്കരുത്. നടക്കില്ല.