തിരുവനന്തപുരം
ഇത്തിക്കരയാറ്റിൽ ചാടി മരിച്ച യുവതികളാണ് ‘ഫെയ്സ്ബുക്ക് കാമുകൻ’ മാരെന്ന് പൊലീസ് കണ്ടെത്തിയത് ഫെയ്സ്ബുക്ക് അധികൃതരുടെ സഹായത്തോടെ. ഐപി അഡ്രസും ഉപയോഗിച്ച ഡാറ്റയുടെ സർവീസ് പ്രൊവൈഡറുടെ വിശദാംശവും പരിശോധിച്ചു. ഫോണിലായിരുന്നു യുവതികൾ ഫെയ്സ്ബുക്ക് ഉപയോഗിച്ചിരുന്നതെന്ന് കണ്ടെത്തി. കസ്റ്റമർ കെയറുമായി ബന്ധപ്പെട്ട് ലോഗിൻ ചെയ്യുന്നവരെ തിരിച്ചറിഞ്ഞു.
സൈബർ പൊലീസിന്റെ സഹായത്തോടെ സിംകാർഡ് ഉപയോഗിച്ചവരുടെ വിവരം ലഭിച്ചു. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം പോകാനാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് രേഷ്മ മൊഴി നൽകിയിരുന്നു. ആര്യയും ഗ്രീഷ്മയും ആത്മഹത്യ ചെയ്തപ്പോൾത്തന്നെ പൊലീസിന് സംശയമുണ്ടായിരുന്നു.
സ്ഥിരം തട്ടിപ്പ്
വ്യാജ പ്രൊഫൈൽ ഉപയോഗിച്ചുള്ള തട്ടിപ്പ് ആദ്യമല്ല. മെസഞ്ചറിൽ സെക്സ് ചാറ്റ് നടത്തിയാണ് തട്ടിപ്പ് കൂടുതൽ. ആപ്പുകൾ ഉപയോഗിച്ച് ശബ്ദം മാറ്റി വോയ്സ് ചാറ്റിങ്ങും നടത്തും. കൂടുതൽ സംസാരിച്ച് അടുപ്പം സൃഷ്ടിക്കും. ഫോട്ടോയും പിന്നീട് നഗ്നചിത്രവും വീഡിയോകളും ആവശ്യപ്പെടും. ഇവ ഉപയോഗിച്ച് ബ്ലാക്മെയിൽ ചെയ്യും. ഇത്തരം പരാതികൾ ധാരാളം ലഭിക്കുന്നുണ്ടെന്ന് ഹൈടെക് സെൽ അഡീഷണൽ എസ്പി ഇ എസ് ബിജുമോൻ പറഞ്ഞു.
ചാടിക്കേറി
സ്വീകരിക്കരുത്
ഫ്രണ്ട് റിക്വസ്റ്റ് വരുമ്പോൾ പെട്ടെന്ന് സ്വീകരിക്കാതിരിക്കുകയാണ് ചതിയിൽ പെടാതിരിക്കാനുള്ള പ്രധാന മാർഗം. റിക്വസ്റ്റ് അയച്ചയാളുടെ പ്രൊഫൈലും ടൈംലൈനും പരിശോധിക്കണം. പോസ്റ്റുകളുടെ സ്വഭാവവും നോക്കണം. പൊതുസുഹൃത്ത് ഉണ്ടെങ്കിൽ കാര്യങ്ങൾ തിരക്കുക. വ്യക്തത വരുത്തി സുഹൃത്താക്കുക. ഫോട്ടോ, വ്യക്തിപരമായ വിവരം, പണം തുടങ്ങിയവ കൈമാറാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.