കൊച്ചി
നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസിൽ കൈ പൊള്ളിയ കേന്ദ്ര ഏജൻസികൾ രാമനാട്ടുകര സ്വർണക്കവർച്ചാക്കേസും സിപിഐ എമ്മിനെതിരെ ആയുധമാക്കുന്നു. കേസ് കസ്റ്റംസ് ഏറ്റെടുത്തതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമെന്ന് ആക്ഷേപം ഉയർന്നുകഴിഞ്ഞു. കരിപ്പൂർ വിമാനത്താവളംവഴി പുറത്തെത്തിയ രണ്ടരക്കിലോ സ്വർണം തട്ടാനുള്ള ശ്രമത്തിൽ അപകടമുണ്ടായി അഞ്ചുപേർ മരിച്ചതാണ് സംഭവം പുറത്തറിയാൻ കാരണമായത്. സ്വർണം വിമാനത്താവളത്തിന് പുറത്ത് കടക്കണമെങ്കിൽ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായമുണ്ടാകണം. ഈവഴിയിൽ ഒരന്വേഷണവും നടത്തിയിട്ടില്ല. നേരത്തേ കരിപ്പൂർ കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് സിബിഐ അന്വേഷണം നടക്കുന്നുണ്ട്.
കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തെ സഹകരിപ്പിക്കാതെ കൊച്ചി യൂണിറ്റ് കേസ് ഏറ്റെടുത്തതിലും ദുരൂഹത ഉയർന്നിട്ടുണ്ട്. സാമ്പത്തിക വിചാരണക്കോടതി കൊച്ചിയിൽ മാത്രമേയുള്ളൂവെന്നാണ് ഇതിനുള്ള ന്യായീകരണം. അർജുൻ ആയങ്കിയുടെ ബിനാമിയെന്ന് കസ്റ്റംസ് കോടതിയിൽ പറഞ്ഞ സി സജേഷിനെ ചോദ്യംചെയ്തെങ്കിലും തുമ്പൊന്നും കിട്ടിയില്ല. മണിക്കൂറുകൾ ചോദ്യം ചെയ്തെങ്കിലും സജേഷിനെ വിട്ടയക്കേണ്ടിവന്നു. തുടർന്ന്, ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെ ബന്ധിപ്പിക്കാൻ അന്വേഷണം ആരംഭിച്ചു. എന്നാൽ, വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന കൊടി സുനി ഉൾപ്പെടെയുള്ള പ്രതികൾ അർജുൻ ആയങ്കിയുമായി ബന്ധപ്പെടുന്നത് എങ്ങനെയെന്ന് വിശദീകരിക്കാനായിട്ടില്ല. ചോദ്യംചെയ്യലിന് ഹാജരാകാനായി ജയിലിലേക്ക് നോട്ടീസ് അയക്കാനാണ് കസ്റ്റംസ് നീക്കം.