സുൽത്താൻബത്തേരി: എൻ.ഡി.എ. സ്ഥാനാർഥി സി.കെ. ജാനുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മൂന്നരക്കോടി രൂപ എത്തിച്ചെന്ന് കോഴക്കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് തെളിവുകൾ ലഭിച്ചുവെന്നാണു സൂചന. തിരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേടിൽ ആരോപണവിധേയനായ ബി.ജെ.പി. ജില്ലാ നേതാവ് അയച്ച ഇ-മെയിൽ സന്ദേശങ്ങളിൽനിന്നാണ് വിവരം കിട്ടിയതെന്നാണറിയുന്നത്.
തിരഞ്ഞെടുപ്പിന്റെ വരവുചെലവ് കണക്കുകളെക്കുറിച്ച് മുതിർന്ന നേതാക്കൾക്കയച്ച ഇ-മെയിൽ സന്ദേശത്തിലാണ് മൂന്നരക്കോടി ലഭിച്ചതായി സൂചിപ്പിച്ചിട്ടുള്ളത്. ഇതിൽ 1.50 കോടി ചെലവഴിച്ചെന്നാണു പറയുന്നത്. ബാക്കി തുകയെക്കുറിച്ച് വ്യക്തതയില്ല.
ഈ നേതാവ് വ്യക്തിപരമായി നടത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
മൂന്നരക്കോടി എത്തിയ വിവരം പുറത്തുവന്നതോടെ പാർട്ടിക്കുള്ളിൽ വലിയ പൊട്ടിത്തെറിയാണുണ്ടായിരിക്കുന്നത്. പോഷക സംഘടനകളിലും സംഘപരിവാർ സംഘടനകളിലുമെല്ലാം കൂട്ടരാജി നടന്നുകൊണ്ടിരിക്കുകയാണ്. ചെലവഴിച്ചതായി പറയുന്ന തുകയുടെ പകുതിപോലും പ്രചാരണത്തിനു വിനിയോഗിച്ചിട്ടില്ലെന്നാണ് ഒരുവിഭാഗം പറയുന്നത്. ബൂത്ത്, പഞ്ചായത്ത് കമ്മിറ്റികൾക്ക് കാര്യമായ ഫണ്ട് നൽകിയിരുന്നില്ല. അതിനാൽ പ്രചാരണം നിർജീവമായിരുന്നു. കഴിഞ്ഞതവണ സി.കെ. ജാനുവിനു ലഭിച്ചതിനെക്കാൾ 12,722 വോട്ടുകൾ ഇത്തവണ കുറഞ്ഞു.
അന്വേഷണം തുടരുന്നു
ജാനുവിന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കോഴ നൽകിയെന്ന കേസിൽ ക്രൈംബ്രാഞ്ച് വയനാട് ഡിവൈ.എസ്.പി. ആർ. മനോജ് കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുന്നു. ബി.ജെ.പി. ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയലിനെ കഴിഞ്ഞദിവസം വീണ്ടും വിളിച്ചുവരുത്തി മൊഴിയെടുത്തു.
ജാനുവിനും സുന്ദരയ്ക്കും കോഴ: തിരഞ്ഞെടുപ്പുബന്ധം പറയാതെ പോലീസ്
തിരുവനന്തപുരം: സി.കെ. ജാനുവിനും കെ. സുന്ദരയ്ക്കും കോഴ നൽകിയെന്നതിന് തിരഞ്ഞെടുപ്പുമായുള്ള ബന്ധം പറയാതെ പോലീസ്. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെതിരേയുള്ള ആരോപണം അന്വേഷിക്കുകയാണെന്ന മറുപടിയാണ് റിപ്പോർട്ട് ആവശ്യപ്പെട്ട മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്ക് പോലീസ് നൽകിയത്. തിരഞ്ഞെടുപ്പുമായി ബന്ധമുണ്ടെന്നു പറയാത്തതിനാൽ ഇക്കാര്യത്തിൽ തിരഞ്ഞടുപ്പ് കമ്മിഷന് നടപടിയൊന്നും എടുക്കാനാവില്ലെന്നു മുഖ്യതിരഞ്ഞടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു.
ജാനുവിനും സുന്ദരയ്ക്കും തിരഞ്ഞെടുപ്പുസമയത്ത് പണം നൽകിയെന്നായിരുന്നു സുരേന്ദ്രനെതിരേയുള്ള പരാതി. ഇതേപ്പറ്റി റിപ്പോർട്ട് നൽകാൻ ടിക്കാറാം മീണ പോലീസ് മേധാവിയോട് ആവശ്യപ്പെട്ടിരുന്നു. പണമിടപാട് നടന്നെങ്കിൽ അതിന് രാഷ്ട്രീയവുമായോ തിരഞ്ഞെടുപ്പുമായോ ബന്ധമുണ്ടോ എന്നതുൾപ്പെടെയുള്ള വിവരങ്ങളാണ് കമ്മിഷൻ തേടിയത്. എന്നാൽ ആരോപണങ്ങളിൽ അന്വേഷണം നടക്കുന്നു എന്നു മാത്രമാണ് പോലീസ് നൽകിയ മറുപടിക്കത്തിലുള്ളത്.
കൊടകര കുഴൽപ്പണ ഇടപാടിൽ പോലീസ് നൽകിയ രണ്ടാമത്തെ മറുപടിയിലും തിരഞ്ഞെടുപ്പ് ബന്ധം പറഞ്ഞിരുന്നില്ല. ആദ്യം നൽകിയ കത്തിലും അന്വേഷണം നടക്കുന്നു എന്നു മാത്രമാണറിയിച്ചത്.
സി.കെ. ജാനുവിന് എൻ.ഡി.എയിലേക്ക് വരാൻ 10 ലക്ഷം രൂപ നൽകിയെന്നും മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വത്തിൽ നിന്ന് പിന്മാറാൻ കെ. സുന്ദരയ്ക്ക് പണം നൽകിയെന്നുമായിരുന്നു ആരോപണങ്ങൾ. ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എൽ.ജെ.ഡി. നേതാവ് സലീം മടവൂരാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയത്