കൊച്ചി
ലക്ഷദ്വീപിൽ വടക്കേയറ്റത്തെ ദ്വീപുകളിലേക്കുള്ള യാത്രാകപ്പൽ സർവീസ് ബേപ്പൂരിൽനിന്ന് മാറ്റി ന്യൂ മംഗളൂരുവിൽനിന്നാക്കാൻ നീക്കം. ലക്ഷദ്വീപിൽനിന്ന് കൊച്ചിയിലേക്ക് സർവീസ് നടത്തുന്ന യാത്രാകപ്പലുകളിൽ ഒന്ന് ന്യൂ മംഗളൂരു തുറമുഖത്തേക്ക് മാറ്റാനും ആലോചനയുണ്ട്. സാധ്യതകൾ പഠിക്കാൻ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും പോർട്ട് ഡെപ്യൂട്ടി ഡയറക്ടറും ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ തിങ്കളാഴ്ച ന്യൂ മംഗളൂരു സന്ദർശിക്കും.
കൊച്ചിയും ബേപ്പൂരുമായുള്ള ബന്ധം കുറച്ച്, മംഗളൂരുവുമായി യാത്ര–-ചരക്ക് ഗതാഗതം വിപുലമാക്കാനുള്ള അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ പട്ടേലിന്റെ പരിഷ്കാരങ്ങളുടെ ഭാഗമാണിത്. ബേപ്പൂരിൽ സൗകര്യം പോരെന്നാണ് അഡ്മിനിസ്ട്രേറ്റർ പറയുന്നത്. പ്രഫുൽ പട്ടേൽ ചുമതലയേറ്റശേഷം ന്യൂ മംഗളൂരുവിൽനിന്ന് ലക്ഷദ്വീപിന്റെ ചെതലത്ത്, കടമത്ത്, കിൽത്താൻ എന്നിവിടങ്ങളിലേക്ക് ചരക്ക് ബാർജ് സർവീസ് ആരംഭിച്ചതിന്റെ തുടർച്ചയായാണ് സ്ഥിരമായി ബേപ്പൂരിലേക്കുള്ള യാത്രാകപ്പലുകൾ ന്യൂ മംഗളൂരുവിലേക്ക് മാറ്റാൻ ആലോചിക്കുന്നത്.
ചികിത്സയ്ക്കും മറ്റ് ആവശ്യങ്ങൾക്കും കൊച്ചിയെയും കോഴിക്കോടിനെയും ആശ്രയിക്കുന്നവരാണ് ലക്ഷദ്വീപുകാർ. ആഴ്ചയിൽ രണ്ടു കപ്പലുകളാണ് ദ്വീപിൽനിന്ന് ബേപ്പൂരിലേക്കുള്ളത്. 450 മുതൽ 750 വരെ യാത്രക്കാർ കയറുന്ന വലിയ അഞ്ചു കപ്പലാണ് കൊച്ചിയിലേക്ക് സർവീസ് നടത്തുന്നത്. ഇതിൽ ഒരെണ്ണം അറ്റകുറ്റപ്പണിയിലാണ്.