കൊച്ചി > പ്രളയക്കെടുതിയില് വലഞ്ഞ കേരളത്തിന് സഹായങ്ങള് നല്കരുതെന്ന് ആഹ്വാനം നല്കിയ സംഘപരിവാര് പ്രമുഖന് പുതിയ വ്യാജപ്രചരണവുമായി രംഗത്ത്. സുരേഷ് കൊച്ചാട്ടില് എന്ന സംഘപരിവാര് നേതാവാണ് കേരളം വ്യവസായികളുടെ ശവപ്പറമ്പാണെന്ന വാദവുമായി സോഷ്യല് മീഡിയയില് വ്യാജപ്രചരണം നടത്തുന്നത്. കേരളം സംരഭകരെ ക്രിമിനലുകളെപോലെയാണ് പരിഗണിക്കുന്നതെന്നും വ്യവസായികള്ക്ക് യോജിച്ച സ്ഥലമല്ല ഇതെന്നും സുരേഷ് തന്റെ വീഡിയോയില് പറഞ്ഞു. സംഘപരിവാര് സോഷ്യല്മീഡിയ സംഘം ദേശീയതലത്തില് തന്നെ ഈ കുപ്രചരണം വ്യാപിപ്പിച്ചിട്ടുണ്ട്.
2014 ലെ തെരഞ്ഞെടുപ്പില് മോഡിയുടെ സോഷ്യല് മീഡിയ പ്രചരണത്തിന് ചുക്കാന് പിടിച്ചത് കൊച്ചാട്ടില് ആയിരുന്നു. ആര്എസ്എസ് നിയന്ത്രണത്തിലുള്ള സേവാഭാരതി ചുമതലക്കാരന് കൂടിയാണ്. ചേഞ്ച് 2014 എന്ന പേരില് ആ തെരഞ്ഞെടുപ്പില് ബിജെപി രൂപം കൊടുത്ത എട്ടംഗ സംഘത്തിന്റെ തലവന് ഇയാളായിരുന്നു.
2018ലെ പ്രളയക്കെടുതിയില് വന്നാശനഷ്ടങ്ങള് നേരിട്ട കേരളത്തിന് സാമ്പത്തിക സഹായത്തിന്റെ ആവശ്യമില്ലെന്നാണ് ശബ്ദസന്ദേശത്തിലൂടെ പറഞ്ഞിരുന്നത്. ഇത് വ്യാപകമായി പ്രചരിച്ചു. കേരളത്തില് പ്രളയത്തില്പ്പെട്ടവരില് ഭൂരിഭാഗവും സമ്പന്നരോ അതിസമ്പന്നരോ ആണ്. അവര്ക്ക് സാമ്പത്തിക സാഹായത്തിന്റെ ആവശ്യമില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കാരണവശാലും സംഭാവന നല്കരുത്. സര്ക്കാരിന്റെ അഭ്യര്ത്ഥനകളെ മാനിക്കരുത്. സംഭാവന നല്കേണ്ടത് ആര്എസ്എസിന്റെ സേവാഭാരതിക്കാണെന്നും ശബ്ദസന്ദേശത്തില് ആഹ്വാനം ചെയ്തിരുന്നു. പ്രതിഷേധം ശക്തമായതോടെ സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുകവരെ ഉണ്ടായി. എന്നാല് സുരേഷിന് സുരക്ഷ നല്കാന് നിര്ദേശിക്കാനാവില്ലെന്ന് സുപ്രീംകോടതി അറിയിച്ചു.