തിരുവനന്തപുരം: കെ.പി.സി.സി.പ്രസിഡന്റ് കെ.സുധാകരനെതിരേ വിജിലൻസിന്റെ പ്രാഥമിക അന്വേഷണം. അഴിമതി ആരോപണം ഉന്നയിച്ച് സുധാകരന്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബു നൽകിയ പരാതിയിലാണ് ഇപ്പോൾ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. വിജിലൻസ് ഡയറക്ടറാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
കെ.സുധാകരനും മുഖ്യമന്ത്രി പിണറായി വിജയനും പഴയകാല സംഭവങ്ങൾ പരാമർശിച്ച് കൊണ്ട് പരസ്പരം ഏറ്റുമുട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് സുധാകരന്റെ മുൻഡ്രൈവറായിരുന്ന പ്രശാന്ത് അദ്ദേഹത്തിനെതിരേ സാമ്പത്തിക ക്രമക്കേടുകൾ ഉന്നയിച്ചുകൊണ്ട് രംഗത്തെത്തിയത്.
കെ.കരുണാകരൻ ട്രസ്റ്റുമായി ബന്ധപ്പെട്ട് സാമ്പത്തിക തിരിമറി നടത്തിയെന്നും കണ്ണൂർ ഡിസിസി ഓഫീസിന്റെ നിർമാണവുമായി ബന്ധപ്പെട്ട് സാമ്പത്തിക തിരിമറികൾ നടത്തിയെന്നാണ് മാധ്യമങ്ങളിലൂടെ പ്രശാന്ത് ബാബു ആരോപിച്ചത്. പ്രശാന്ത് ബാബു തന്നെ വിജിലൻസിന് പരാതിയും നൽകിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് ഇപ്പോൾ പ്രാഥമികമായ അന്വേഷണം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
പ്രാഥമിക അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയാൽ കേസെടുത്ത് തുടർ അന്വേഷണത്തിലേക്ക് പോകാനാണ് വിജിലൻസിന്റെ തീരുമാനം.