തിരുവനന്തപുരം: രാജകീയ മരങ്ങൾ മുറിക്കാനുള്ള ഉത്തരവല്ല കൊടുത്തതെന്നും അത്തരം മരങ്ങൾ മുറിക്കാൻ ഉത്തരവ് കൊടുക്കാൻ ആർക്കും കഴിയില്ലെന്നും മുൻ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ. മരം മുറിക്കാനുള്ള ഉത്തരവ് പൂർണമായ ഉത്തരവാദിത്തത്തോടെയാണ് ഇറക്കിയതെന്നും ഉത്തരവിന് നിർദേശം നൽകിയ മന്ത്രി എന്ന നിലയിലിൽ അത് അംഗീകരിക്കുന്നുവെന്നും ഇ. ചന്ദ്രശേഖരൻ പറഞ്ഞു.
1964ലെ ഭൂമിപതിവ് ചട്ടം അനുസരിച്ച് പതിച്ചുകൊടുത്ത ഭൂമിയിൽ കൃഷിക്കാരൻ വെച്ചുണ്ടാക്കിയ മരങ്ങൾ മുറിക്കാം എന്നാണ് ഉത്തരവ്. 50 വർഷത്തിനകം വെച്ചുപിടിപ്പിച്ചതല്ലാത്ത മരങ്ങൾ മുറിക്കാൻ ഉത്തരവ് നൽകിയിട്ടില്ല. ഉത്തരവ് ദുരുപയോഗം ചെയ്തുകൊണ്ട് മരംമുറിക്കാനുള്ള നീക്കം ഉണ്ടാകാം. അതല്ലാതെ ഈ പറയുന്ന രീതിയിൽ ഒരു തരത്തിലും മരം മുറിക്കാൻ കഴിയില്ല.
ഭൂമി പതിച്ചുകൊടുക്കുമ്പോൾ തന്നെ അത്തരം മരങ്ങൾ സർക്കാരിൽ നിക്ഷിപ്തമാക്കും. ആ മരങ്ങൾ മുറിക്കാൻ ആർക്കാണ് കഴിയുക? എന്നാൽ ഇത്തരം മരങ്ങൾ കൃഷിക്കാർ വെച്ചുണ്ടാക്കിയിട്ടുണ്ടെങ്കിൽ മുറിക്കാം എന്നതാണ് ഉത്തരവ്. അതിനെ ദുർവാഖ്യാനം ചെയ്ത് നൂറ് കണക്കിന് വർഷം പഴക്കമുള്ള മരം മുറിച്ചെങ്കിൽ അതിനേക്കുറിച്ച് അന്വേഷിക്കണം. അതിന് ഉത്തരവാദികൾ ആരാണെന്ന് കണ്ടെത്തണം. ഉദ്യോഗസ്ഥരുടെ അനാസ്ഥയുണ്ടെങ്കിൽ കണ്ടെത്തണം.
റവന്യൂ ഉദ്യോഗസ്ഥർക്ക് മനസിലാകാത്ത ഏത് ഭാഷയാണ് ഉത്തരവിലുള്ളതെന്നും ഇ. ചന്ദ്രശേഖരൻ ചോദിച്ചു. റവന്യൂ ഉദ്യോഗസ്ഥർ അത് ശ്രദ്ധിച്ചില്ലെങ്കിൽ അത് അവരുടെ വീഴ്ചയാണ്. സ്ഥലം പോലും നോക്കാതെ തെറ്റായ രീതിയിൽ അനുമതി നൽകിയെങ്കിൽ അതിന്റെ ഉത്തരവാദിത്വം അവർക്കാണ്. അത്തരം മരങ്ങൾ കടത്താൻ റവന്യൂ ഉദ്യോഗസ്ഥർ രേഖകൾ വനംവകുപ്പിന് നൽകിയെങ്കിൽ അതിന്റെ ഉത്തരവാദിത്വവും അവർക്കാണ്. അതെല്ലാം പരിശോധിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന തലത്തിൽ തന്നെ മുഖ്യമന്ത്രി അടക്കം നടത്തിയ സർവകക്ഷി യോഗത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ആലോചനകളെല്ലം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. കർഷകർ വെച്ചുപിടിപ്പിച്ച മരങ്ങൾ മുറിക്കാൻ അനുമതി വേണമെന്ന് ജനപ്രതിനിധികൾ, കർഷക സംഘടനകൾ എന്നിവർ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് വന്നത്. തീരുമാനത്തിൽ കുഴപ്പമുണ്ടെന്ന് ആർക്കും തോന്നിയിട്ടില്ലെന്നും ഇപ്പോഴും തോന്നുന്നുമില്ലെന്നും ചന്ദ്രശേഖരൻ കൂട്ടിച്ചേർത്തു.
Content Highlights: E Chandrasekharan on Kerala govts order to cut reserved trees on private land