തിരുവനന്തപുരം > മലയാളത്തിന്റെ അഭിമാനമായ സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് എല്ലാദിവസവും ഒരേപോലെയാണ്. എന്നാൽ ഇക്കുറി, എൺപതാം വയസ്സിൽ പതിവ് തെറ്റി. ആശംസയുമായി പ്രശസ്തർ ആക്കുളത്തെ ‘ദർശന’യിലേക്ക് ഒഴുകിയെത്തി. കേക്കുമുറിച്ചും മധുരം വിളമ്പിയും സൗമ്യമായ പുഞ്ചിരിയോടെ എല്ലാവരോടും സൗഹൃദം പങ്കുവച്ചു. റിലീസിലെ ആകുലതകളും സിനിമയ്ക്ക് കത്തിവയ്ക്കുന്ന കേന്ദ്രസർക്കാർ നയങ്ങളെക്കുറിച്ചും മാധ്യമങ്ങളോട് സംസാരിച്ചു.
ആദ്യം കേക്കുമായെത്തിയത് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവാ. പുഞ്ചിരിയോടെ ഇരുവരും കേക്ക് പങ്കിട്ടു. മന്ത്രിമാരായ വി ശിവൻകുട്ടിയും സജി ചെറിയാനും സിപിഐ ദേശീയ കൺട്രോൾ കമീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രനും ആശംസ അറിയിക്കാനെത്തി. സ്പീക്കർ എം ബി രാജേഷ് ഫോണിലൂടെയും ആശംസ നേർന്നു.
ഡോ. അംബേദ്കർ മെമ്മോറിയൽ ഗേൾസ് സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുമാർ രണ്ട് വർഷം മുമ്പ് നട്ട മാവിൻതൈയ്ക്ക് വെള്ളമൊഴിക്കാൻ എല്ലാക്കൊല്ലവും ഒരുദിവസം വീട്ടിലെത്തും. ഇക്കുറി കുട്ടികൾ ദൗത്യം മന്ത്രി ജി ആർ അനിലിനും ഇന്ദ്രൻസിനും കൈമാറി. കുട്ടികൾ വരച്ച ഛായാചിത്രം അടൂർ ഏറ്റുവാങ്ങി. ഇവർക്കൊപ്പം കേക്കും മുറിച്ചാണ് ആഘോഷം അവസാനിപ്പിച്ചത്.