തിരുവനന്തപുരം > സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറുടെ ഓഫീസിലെ കംപ്യൂട്ടറിൽനിന്ന് വോട്ടർപട്ടിക ചോർത്തിയെന്ന പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. സംസ്ഥാന ജോയിന്റ് ഇലക്ടറൽ ഓഫീസർ നൽകിയ പരാതിലാണ് അന്വേഷണം. തിരുവനന്തപുരം യൂണിറ്റ് എസ്പി ഷാനവാസിനാണ് ചുമതല.
നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കമീഷൻ ഓഫീസിലെ കംപ്യൂട്ടറിൽനിന്ന് 2.67 കോടി വോട്ടർമാരുടെ പൂർണവിവരങ്ങൾ ചോർത്തിയെന്നാണ് പരാതി. ഇതിനു പിന്നിൽ വൻ ഗൂഢാലോചനയുണ്ട്.
വോട്ടർപട്ടികയിൽ നാലര ലക്ഷത്തോളം വ്യാജ വോട്ടർമാരുള്ളതായി പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. കമീഷൻ പരിശോധനയിൽ 38,000 മാത്രമാണ് കണ്ടെത്തിയത്.
വോട്ടർപട്ടിക ചോർച്ചയെത്തുടർന്ന് ഫോറൻസിക് വിദഗ്ധരടക്കം പരിശോധന നടത്തി. കമീഷന് തിരിച്ചറിയൽ കാർഡ്, വോട്ടർപട്ടിക, വിവരങ്ങൾ കംപ്യൂട്ടറിൽ ചേർക്കൽ തുടങ്ങിയ ജോലികൾ ചെയ്തിരുന്നത് കെൽട്രോൺ നിയോഗിച്ച ജീവനക്കാരാണ്.