തിരുവനന്തപുരം > ഗർഭാവസ്ഥയിൽ കോവിഡ് സ്ഥിരീകരിച്ചവർക്ക് പ്രസവശേഷം വാക്സിൻ സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മാർഗനിർദേശം. രജിസ്ട്രേഷൻ കോവിൻ പോർട്ടലിൽ ചെയ്യണം. മുൻഗണന നൽകില്ല. ഓൺലൈൻ രജിസ്ട്രേഷൻ സാധിക്കാത്തവർക്ക് സ്പോട്ട് രജിസ്ട്രേഷൻ ചെയ്യാം.
കോവിഡ് ബാധിച്ചാലും കൂടുതൽ പേരിലും ലക്ഷണം ഗുരുതരമാകില്ല. എന്നാൽ ആരോഗ്യസ്ഥിതി മോശമാകാനും ഭ്രൂണത്തെ ബാധിക്കാനും ഉയർന്ന രക്തസമ്മർദ്ദത്തിനും സാധ്യതയുണ്ട്. വാക്സിൻ ഗർഭിണിക്കോ കുഞ്ഞിനോ പാർശ്വഫലങ്ങൾ ഉണ്ടാക്കില്ലെന്ന് ഐസിഎംആർ അറിയിച്ചു.
ആരോഗ്യപ്രവർത്തകർക്ക് പ്രത്യേക പരിശീലനം
ഗർഭിണികൾക്ക് വാക്സിൻ വിതരണ ചുമതല സംസ്ഥാന കോവിഡ് കർമസമിതിക്കാണ്. വാക്സിൻ നൽകാൻ ആരോഗ്യപ്രവർത്തകരെ 10 മുതൽ 15 പേരടങ്ങുന്ന സംഘമാക്കി പ്രത്യേക പരിശീലനം നൽകും. വാക്സിനെടുക്കുന്നവർക്ക് ഗുണ–-പാർശ്വഫലങ്ങളെപ്പറ്റി പറഞ്ഞുനൽകും. ഒപ്പം ഒരു കുടുംബാംഗവും ഉണ്ടാകണം.
● കോവിഡ് ഗുരുതരമാകാൻ സാധ്യതയുള്ളവർ: പ്രമേഹം പോലെ രോഗങ്ങളുള്ള ഗർഭിണികൾ, അവയവമാറ്റ ശസ്ത്രക്രിയ നടത്തിയവർ, ശ്വാസകോശ, അരിവാൾ, വൃക്ക, ഹൃദയ രോഗമുള്ളവർ.
● ഇവർ വാക്സിനെടുക്കരുത്: ആദ്യഡോസിൽ അലർജിയോ മറ്റ് പാർശ്വഫലങ്ങളോ ഉണ്ടായവർ, ജന്മനാ അലർജിയുള്ളവർ, കോവിഡ് പോസിറ്റീവായവർ, മോണോക്ലോണൽ ആന്റിബോഡി, കോൺവാലസെന്റ് പ്ലാസ്മ തെറാപ്പി ചികിത്സ ചെയ്തവർ