ന്യൂഡൽഹി > ഇന്ത്യയുമായുള്ള 59,000 കോടി രൂപയുടെ റഫേൽ യുദ്ധവിമാന ഇടപാടിലെ ക്രമക്കേടുകളെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് ഫ്രാൻസ്. സാമ്പത്തിക കുറ്റകൃത്യമേഖലയിലുള്ള സന്നദ്ധസംഘടന ‘ഷെർപ’യുടെ പരാതിയിൽ ദേശീയ പ്രോസിക്യൂഷൻ ഏജൻസി(പിഎൻഎഫ്)തലവൻ ജീൻ ഫ്രാങ്കോയിസ് ബൊണേർട്ടാണ് അന്വേഷണത്തിനു ഉത്തരവിട്ടത്.
അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വെ ഒലന്ദ്, മുൻ ധനമന്ത്രിയും നിലവിലെ പ്രസിഡന്റുമായ ഇമ്മാനുവൽ മാക്രോൺ, മുൻ പ്രതിരോധമന്ത്രിയും ഇപ്പോൾ വിദേശമന്ത്രിയുമായ ജീൻ യവിസ് എൽഡ്രിയാൻ എന്നിവർക്കുനേരെയാണ് അന്വേഷണം. ഇവർ ഔദ്യോഗിക പദവികൾ ദുരുപയോഗം ചെയ്തിട്ടുണ്ടോ, ക്രിമിനൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നൊക്കെ അന്വേഷിക്കുമെന്നും ഫ്രഞ്ച് മാധ്യമം ‘മീഡിയപാർട്ട്’ റിപ്പോർട്ട് ചെയ്തു.
2019ൽ ഷെർപ നൽകിയ പരാതി പിഎൻഎഫിന്റെ അന്നത്തെ മേധാവി ഏലിയാന ഹ്യൂലറ്റ് പൂഴ്ത്തിയത് വിവാദമായിരുന്നു. റഫേൽ ഇടപാടിൽ ഇന്ത്യക്കാരനായ സുഷേൻ ഗുപ്തയ്ക്ക് കോഴ ലഭിച്ചതായി തെളിവുകളോടെ ‘മീഡിയ പാർട്ട്’ റിപ്പോർട്ട് ചെയ്തിനെ തുടർന്ന് ഷെർപ വീണ്ടും പരാതി നൽകി. റഫേൽ നിർമാതാക്കളായ ദാസൂദ് ഏവിയേഷൻ ‘ഇടപാടുകാർക്കുള്ള സമ്മാന’മായി 8.5 കോടിയിൽപരംരൂപ സുഷേൻ ഗുപ്തയ്ക്ക് കൈമാറിയെന്ന് കണ്ടെത്തി. അഗസ്ത വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാട് അഴിമതിക്കേസിലെ പ്രതിയാണ് സുഷേൻ ഗുപ്ത.
മോഡിക്കും തിരിച്ചടി
2015 ഏപ്രിലിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഒലന്ദുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് കരാർ പ്രഖ്യാപിച്ചത്. പൊതുമേഖലയിലെ എച്ച്എഎല്ലിനെ പങ്കാളിയാക്കി യുദ്ധവിമാനങ്ങൾ സംഭരിക്കാനുള്ള ആദ്യപദ്ധതി പൊളിച്ചെഴുതി അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസിനെ ഉൾപ്പെടുത്തിയാണ് അന്തിമ കരാറൊപ്പിട്ടത്.
കരാർ ഒപ്പിടുന്നതിനു തൊട്ടുമുമ്പാണ് അനിൽ അംബാനി ‘റിലയൻസ് ഡിഫൻസ്’ കമ്പനി രജിസ്റ്റർ ചെയ്തത്. പ്രതിരോധനിർമാണമേഖലയിൽ പരിചയമില്ലാത്തവരെ പങ്കാളിയാക്കുന്നതിൽ ദാസൂദ് എതിർപ്പ് പ്രകടിപ്പിച്ചു. ഇന്ത്യയിൽനിന്ന് കരാർ ലഭിക്കാൻ ഇതുവേണമെന്ന് മോഡിസർക്കാർ നിലപാട് സ്വീകരിച്ചതായി ഒലന്ദ് സർക്കാർ ദാസൂദിനെ ധരിപ്പിച്ചു.
ഈ സാഹചര്യത്തിൽ ജുഡീഷ്യൽ അന്വേഷണം മോഡി സർക്കാരിനും ആഘാതമാണ്. പ്രതിരോധ ഇടപാടിന്റെ വിശദാംശങ്ങളിൽ അന്വേഷണം ആവശ്യമില്ലെന്നായിരുന്നു റഫേൽ ഹർജികളിന്മേൽ സുപ്രീംകോടതി നിലപാട്.
റഫേൽ നാൾവഴി
2012 ജനുവരി 31: പ്രതിരോധമന്ത്രാലയം റഫേൽ കരാർ പ്രഖ്യാപിക്കുന്നു. ഫ്രാൻസിൽ നിർമിച്ച 18 വിമാനം വാങ്ങും. സാങ്കേതികവിദ്യ കൈമാറ്റത്തോടെ 108 വിമാനം എച്ച്എഎൽ നിർമിക്കും.
2014: അന്നത്തെ പ്രതിപക്ഷമായ ബിജെപി ആരോപണങ്ങളുന്നയിച്ചു. കരാർ പരിശോധിക്കുമെന്ന് യുപിഎ സർക്കാർ.
2015 ഏപ്രിൽ: ഫ്രാൻസിൽനിന്ന് 36 റഫേൽ വിമാനം വാങ്ങുമെന്ന് പാരീസിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചു. പ്രതിരോധമന്ത്രിയെ കൂട്ടാതെയായിരുന്നു മോഡിയുടെ യാത്ര.
2015 ജൂലൈ: 126 വിമാനം സംഭരിക്കാനുള്ള കരാർ ഉപേക്ഷിച്ചെന്നും 36 വിമാനംമാത്രം വാങ്ങുമെന്നും അന്നത്തെ പ്രതിരോധമന്ത്രി മനോഹർ പരീക്കർ രാജ്യസഭയിൽ.
2016 മെയ്: 59,000 കോടി രൂപയ്ക്ക് 36 വിമാനം വാങ്ങാനുള്ള കരാറിന് രൂപമായി.
2016 സെപ്തംബർ: ഇന്ത്യയും ഫ്രാൻസും കരാർ ഒപ്പിട്ടു. കരാറിന്റെ 50 ശതമാനം തുക ദാസൂദ് ഇന്ത്യയിൽ നിക്ഷേപിക്കണമെന്നും വ്യവസ്ഥ.
2016 ഒക്ടോബർ മൂന്ന്: ദാസൂദ് റിലയൻസ് എയ്റോസ്പെയ്സ് ലിമിറ്റഡ് എന്ന സംയുക്തസംരംഭത്തിന് രൂപംനൽകിയെന്ന് റിലയൻസിന്റെയും ദാസൂദിന്റെയും പ്രസ്താവന.
2017 നവംബർ: ഒരു വിമാനത്തിന്റെ വില 526 കോടിയിൽനിന്ന് 1570 കോടിയായി ഉയർന്നുവെന്ന് വെളിപ്പെടുത്തൽ. എച്ച്എഎല്ലിനെ ഒഴിവാക്കി റിലയൻസിനെ ഉൾപ്പെടുത്താൻ കരാർവ്യവസ്ഥകൾ തിരുത്തിയെന്നും ആരോപണം.
2018 ആഗസ്ത്: ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വൊ ഒലന്ദിന്റെ പങ്കാളി ജൂലിയ ഗെയത് അഭിനയിച്ച സിനിമയ്ക്ക് റിലയൻസ് പണംമുടക്കിയെന്ന് വെളിപ്പെടുത്തൽ. കരാറിൽ റിലയൻസിനെ ഉൾപ്പെടുത്താൻ ഇന്ത്യ ആവശ്യപ്പെട്ടതാണെന്നും മറ്റു വഴിയില്ലായിരുന്നെന്നും ഒലന്ദ്.
2018 സെപ്തംബർ: റഫേൽ കരാർ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാൽപ്പര്യ ഹർജികൾ.
2018 ഒക്ടോബർ 26: റഫേൽ കരാറിനെതിരെ ഫ്രഞ്ച് പ്രോസിക്യൂഷന് ‘ഷെർപ’യുടെ പരാതി.
2018 ഡിസംബർ14: ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് പൊതുതാൽപ്പര്യ ഹർജികൾ തള്ളി.
ഡിസംബർ 15: സുപ്രീംകോടതി വിധിയിൽ ഗുരുതരമായ പിശകെന്ന് പരാതി. വിധി തിരുത്തണമെന്ന് അപേക്ഷ.
2019 നവംബർ 14: വിധി തിരുത്തണമെന്ന അപേക്ഷകൾ കോടതി തള്ളി.
2021 ഏപ്രിൽ: റഫേൽ കരാറിൽ ഇന്ത്യൻ ഇടനിലക്കാരൻ സുഷേൻ ഗുപ്തയ്ക്ക് 8.5 കോടി രൂപ ലഭിച്ചെന്ന് ഫ്രഞ്ച് ഏജൻസിയുടെ കണ്ടെത്തൽ.