തൃശൂർ > ബിജെപി കുഴൽപ്പണക്കേസിൽ കെ സുരേന്ദ്രനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടത് കൃത്യമായ മൊഴിയുടെയും ഫോൺരേഖയുടെയും അടിസ്ഥാനത്തിൽ. കള്ളപ്പണ കടത്തുകാരൻ ധർമരാജന്റെ വിളിയും ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്തയുടെ മൊഴിയും സുരേന്ദ്രന് എതിരാണ്. ധർമരാജൻ എത്തിക്കുന്ന കുഴൽപ്പണം ഗൾഫിൽ ബന്ധമുള്ള കർത്ത വഴിയാണ് വെളുപ്പിക്കുന്നതെന്നാണ് അന്വേഷകസംഘത്തിന് ലഭിച്ച വിവരം.
തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയായിരുന്നു ഇത്. ജില്ലകളിലെ ബിജെപി നേതാക്കൾക്ക് പണം എത്തിച്ചു. സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേശൻ, ഓഫീസ് സെക്രട്ടറി ജി ഗിരീഷ് എന്നിവരുടെ നിർദേശ പ്രകാരമാണ് പണവുമായി ധർമരാജൻ പോയത്. ബിജെപിയുടെ പണമിടപാട് കൈകാര്യം ചെയ്യുന്നത് സംസ്ഥാന പ്രസിഡന്റും സംഘടനാ സെക്രട്ടറിയും ചേർന്നാണ്. സംഘടനാ സെക്രട്ടറി ഗണേശനെ നേരത്തേ ചോദ്യം ചെയ്തിരുന്നു. ധർമരാജന്റെ കോൾലിസ്റ്റ് പ്രകാരം, ബിജെപി സംസ്ഥാന ഓഫീസ് സെക്രട്ടറി ഗിരീഷ്, കെ സുരേന്ദ്രന്റെ സെക്രട്ടറി ദിപിൻ, ഡ്രൈവർ ലിബീഷ് എന്നിവരെ ചോദ്യം ചെയ്തിരുന്നു. സുരേന്ദ്രന്റെ സെക്രട്ടറിയുടെയും ഡ്രൈവറുടെയും ഫോണിൽ നിന്ന് ധർമരാജനേയും തിരിച്ചും വിളിച്ചിട്ടുണ്ട്. സുരേന്ദ്രന്റെ അറിവോടെയാണ് ഇതെന്ന് ഇരുവരും മൊഴി നൽകി. സംസ്ഥാന നേതാക്കളുടെ നിർദേശപ്രകാരം തൃശൂരിലെ ജില്ലാ നേതാക്കളാണ് കുഴൽപ്പണസംഘത്തിന് തൃശൂരിലെ താമസസൗകര്യമൊരുക്കിയത്. ഇക്കാര്യം തൃശൂർ ജില്ലാ ഓഫീസ് സെക്രട്ടറി മൊഴി നൽകി.
സംഭവം വിവാദമായതോടെ കേസിലെ പ്രതികളെ തൃശൂർ ജില്ലാകമ്മിറ്റി ഓഫീസിലേക്ക് ജില്ലാ പ്രസിഡന്റ് കെ കെ അനീഷ്കുമാർ വിളിച്ചുവരുത്തി. ജില്ലാ ട്രഷറർ സുജയ്സേനൻ, മേഖലാ സെക്രട്ടറി കാശിനാഥൻ എന്നിവർ പ്രതിയുമൊത്ത് യാത്രചെയ്തിരുന്നു.
സി കെ ജാനുവിന് കോഴ : ബിജെപി നേതാക്കളെ ചോദ്യംചെയ്യും
കൽപ്പറ്റ > തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സി കെ ജാനുവിന് കോഴ നൽകിയെന്ന കേസിൽ ബിജെപി സംഘടനാ സെക്രട്ടറി എം ഗണേശനെയും മേഖലാ സെക്രട്ടറി കെ പി സുരേഷിനെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. എട്ടിന് സുരേഷിനോടും ഒമ്പതിന് ഗണേശിനോടും ജില്ലാ ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകി.
ജെആർപി ട്രഷറർ പ്രസീത അഴീക്കോട് കെ സുരേന്ദ്രനുമായും എം ഗണേഷുമായും നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ ക്രൈംബ്രാഞ്ച് പരിശോധിച്ചിരുന്നു. പണമിടപാടിൽ ഇരുവർക്കുമുള്ള പങ്ക് ഇതോടെ വ്യക്തമായി. തുടർന്നാണ് നോട്ടീസ് നൽകിയത്. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയലിനെ ചോദ്യം ചെയ്തപ്പോഴും ഇവരുടെ പങ്ക് വ്യക്തമായിരുന്നു.
തെരഞ്ഞെടുപ്പ് കോഴയിലും സുരേന്ദ്രൻ പ്രതിക്കൂട്ടിൽ
സ്വന്തം ലേഖകൻ
കോഴിക്കോട് > ബിജെപി കുഴൽപ്പണക്കേസിനു പിന്നാലെ കെ സുരേന്ദ്രന് കുരുക്കായി മഞ്ചേശ്വരം, ബത്തേരി നിയമസഭാ മണ്ഡലങ്ങളിലെ കോഴക്കേസും. ഈ രണ്ട് കേസിലും സുരേന്ദ്രന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവ് പുറത്തുവന്നു.
മഞ്ചേശ്വരത്ത് സുരേന്ദ്രനുവേണ്ടി സ്ഥാനാർഥിത്വം പിൻവലിക്കാൻ രണ്ടരലക്ഷം രൂപ കോഴ നൽകിയെന്നാണ് കേസ്. പണം ലഭിച്ചതായി ബിഎസ്പി സ്ഥാനാർഥിയായിരുന്ന കെ സുന്ദരയടക്കം പൊലീസിലും കോടതിയിലും മൊഴി നൽകി.
ബത്തേരിയിൽ സി കെ ജാനുവിനെ എൻഡിഎ സ്ഥാനാർഥിയാക്കാൻ സുരേന്ദ്രൻ കോഴ നൽകിയെന്നാണ് കേസ്. ജെആർപിയുടെ സംസ്ഥാന പ്രസിഡന്റ് പ്രകാശൻ മൊറാഴ, ട്രഷറർ പ്രസീത അഴീക്കോട് എന്നിവരുടെ മൊഴിയുണ്ട്.
തിരുവനന്തപുരത്തും ബത്തേരിയിലുമായി 35 ലക്ഷം രൂപ നൽകിയെന്നാണ് കേസ്. തെളിവായി സുരേന്ദ്രന്റെ ഫോൺസംഭാഷണവും പ്രസീത പുറത്തുവിട്ടു. ഈ കേസുകളുടെയെല്ലാം പ്രത്യേകത രാഷ്ട്രീയ ശത്രുക്കളാരും ഉയർത്തിക്കൊണ്ടുവന്നതല്ലന്നതാണ്.
നാണംകെട്ട് ബിജെപിയും ആർഎസ്എസും
സ്വന്തം ലേഖകൻ
തൃശൂർ > കുഴൽപ്പണക്കേസിൽ കെ സുരേന്ദ്രനെ അന്വേഷകസംഘം ചോദ്യം ചെയ്യാൻ വിളിച്ചതോടെ ബിജെപി നാണക്കേടിന്റെ പാരമ്യത്തിൽ. തെരഞ്ഞെടുപ്പിൽ ഒഴുക്കിയ കള്ളപ്പണത്തിന്റെ പേരിൽ സംസ്ഥാന പ്രസിഡന്റ് അടക്കമുള്ളവരിലേക്ക് അന്വേഷണമെത്തുമ്പോൾ ചരിത്രത്തിലില്ലാത്ത പ്രതിസന്ധിയിലാണ് ആർഎസ്എസും ബിജെപിയും.
വോട്ട് കച്ചവടത്തിന്റെ ചരിത്രമുള്ള ബിജെപിക്ക് ഇപ്പോൾ കുഴൽപ്പണക്കടത്തിലെ പേരുദോഷമായത് സംഘരിവാറിനെയാകെ കുഴക്കി. കേസിൽനിന്ന് ശ്രദ്ധതിരിക്കാൻ സമരപരിപാടിവരെ പ്രഖ്യാപിച്ചെങ്കിലും പ്രവർത്തകർ തിരിഞ്ഞുനോക്കിയില്ല. സംസ്ഥാന പ്രസിഡന്റിനെ പ്രതിരോധിക്കാൻ ഭാരവാഹികൾപോലും രംഗത്ത് വന്നില്ല. കോർകമ്മിറ്റി ചേർന്ന് ഒന്നായി നിൽക്കണമെന്ന ആഹ്വാനം നൽകിയെങ്കിലും മുതിർന്ന നേതാക്കൾ നേതൃത്വത്തിനെതിരെ രംഗത്തുവന്നു. പി പി മുകുന്ദൻ, സി കെ പത്മനാഭൻ തുടങ്ങിയ നേതാക്കൾ അതൃപ്തി മറച്ചില്ല. രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്ന സൂചനവരെ സി കെ പത്മനാഭൻ നൽകി.
ഗ്രൂപ്പുപോര് ഇതോടെ പുതിയ തലത്തിലെത്തി. കെ സുരേന്ദ്രന്റെ നേതൃത്വം മാറാതെ മുന്നോട്ട് പോകാനാകില്ലെന്ന നിലപാടിലാണ് പി കെ കൃഷ്ണദാസ്–-ശോഭ സുരേന്ദ്രൻ പക്ഷവും ആർഎസ്എസും. പ്രതിസന്ധി ചൂണ്ടിക്കാട്ടി കേന്ദ്രനേതൃത്വത്തിന് പരാതിയും അയച്ചിട്ടുണ്ട്. തൃശൂർ വാടാനപ്പള്ളിയിൽ ഗ്രൂപ്പ് തിരിഞ്ഞ് സംഘട്ടനവും കത്തിക്കുത്തുംവരെ നടന്നു. തൃശൂർ, പാലക്കാട്, വയനാട് ഉൾപ്പെടെ പല ജില്ലയിലും രാജി തുടരുകയാണ്. ജില്ലകളിൽ സംഘപരിവാറിനകത്ത് പൊട്ടിത്തെറി ശക്തമാകുകയാണ്. ഓരോ സ്ഥാനാർഥിക്കും പത്തുലക്ഷംവീതം അവരുടെ അക്കൗണ്ടിൽ നിക്ഷേപിച്ചെന്നാണ് പറയുന്നത്. എന്നാൽ, പല സ്ഥാനാർഥികൾക്കും പണം ലഭിച്ചിട്ടില്ല. മണ്ഡലങ്ങളുടെ ചുമതല ആർഎസ്എസ് നോമിനികളായ സംയോജകർക്കാണ്. ഇവരിൽ ചിലരും സംശയത്തിന്റെ നിഴലിലാണ്.