തിരുവനന്തപുരം > തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ അന്വേഷണ ഏജൻസികളോട് കോടതി കൂടുതലും ചോദിച്ചത് ‘തെളിവ് എവിടെ?’എന്നായിരുന്നു. തെളിവ് കണ്ടെത്താനാകാതെ നട്ടംതിരിഞ്ഞ അന്വേഷണ ഏജൻസികൾ അക്കാലത്തെ മലയാള മനോരമ ഉൾപ്പെടെയുള്ള യുഡിഎഫ് പത്രങ്ങൾ കോടതിയിൽ ഹാജരാക്കിയാൽ മതിയായിരുന്നു! എല്ലാത്തിനും തെളിവുണ്ടെന്ന മട്ടിലായിരുന്നു വാർത്തകൾ. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ‘ഇപ്പം അറസ്റ്റ് ചെയ്യും’ എന്ന പ്രതീതിയുണ്ടാക്കി.
ഒരു വർഷമെത്തുമ്പോൾ സർക്കാരിനെ കുരുക്കാനുള്ള കേന്ദ്ര ഏജൻസികളുടെ ശ്രമം പൊളിഞ്ഞെങ്കിലും മാധ്യമ “വിചാരണ’ ആരും മറന്നിട്ടുണ്ടാകില്ല. ദിവസം ശരാശരി 20 വാർത്ത വരെയാണ് മനോരമ തള്ളിയത്. തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ സഹായിക്കലായിരുന്നു ലക്ഷ്യം. കേന്ദ്ര ഏജൻസികളോടൊപ്പം മാധ്യമങ്ങളും എൽഡിഎഫ് സർക്കാരിനുമേൽ വട്ടമിട്ടു. കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയം മിണ്ടിയില്ല, യഥാർഥ പ്രതികളെ രക്ഷിക്കുന്നതും കണ്ടില്ല.
എന്നാൽ, ഒരു വർഷം കഴിയുന്ന വേളയിൽ അതേ മനോരമയ്ക്കുപോലും പറയേണ്ടി വന്നു; “കേന്ദ്ര ഏജൻസികൾ മൗനത്തിൽ, വിദേശത്തുള്ള പ്രതികളെ പിടിക്കാൻ കേന്ദ്ര ഏജൻസികൾക്കാകില്ല, എം ശിവശങ്കറിന് മുകളിലേക്ക് അന്വേഷണ ഏജൻസികൾക്ക് തെളിവ് കിട്ടിയില്ല’… സ്വപ്നം തകർന്നതിന്റെ വിലാപകാവ്യമായി ഇത്!
2020 ഒക്ടോബർ മുതൽ 2021 ജനുവരിവരെ മനോരമയിൽ വന്ന ചില തലക്കെട്ടുകൾ
● എൻഐഎ കുറ്റപത്രത്തിൽ പുതിയ വകുപ്പ്: ഭീകരബന്ധം
● ലോക്കറിലെ കോടി ശിവശങ്കറിന്റെ കോഴ
● ഉന്നതൻ സ്പീക്കറോ?
● സ്വപ്ന–- സരിത്ത് മൊഴികളിൽ 4 മന്ത്രിമാരും
● എല്ലാമറിഞ്ഞ് മുഖ്യമന്ത്രിയുടെ ഓഫീസിലെ സംഘം
● കെ ഫോണിലും സ്വപ്ന
● മുഖം സ്വപ്ന; ശിവശങ്കർ മാസ്ക്: ഇഡി
● ‘ഇഡി’ക്കൂട്ടിൽ കിഫ്ബിയും
● ശബ്ദസന്ദേശം ശാസ്ത്രീയ പരിശോധനയ്ക്ക്- അവനോ അവളോ
● ശിവശങ്കറിനെതിരെ യുഎപിഎ ചുമത്താൻ നിയമോപദേശം തേടി എൻഐഎ
● ശിവശങ്കറുടെ 14 വിദേശയാത്രകൾ- ‘സ്വകാര്യം’
5 ഏജൻസികൾ, 8 കേസ്; കുറ്റപത്രം രണ്ട് മാത്രം !!
സ്വന്തം ലേഖകൻ
കൊച്ചി > അഞ്ച് കേന്ദ്ര അന്വേഷണ ഏജൻസികൾ ചേർന്ന് എട്ട് കേസ് രജിസ്ട്രർ ചെയ്ത നയതന്ത്ര സ്വർണക്കടത്തിൽ ഇതുവരെ കുറ്റപത്രം നൽകിയത് രണ്ട് കേസിൽ മാത്രം. യുഎപിഎ അടക്കുള്ള കേസിലായി 39 പ്രതികളുണ്ട്. ഇതിൽ സ്വപ്ന സുരേഷ്, പി എസ് സരിത്, സന്ദീപ് നായർ, കെ ടി റമീസ് ഒഴികെയുള്ളവർ ജാമ്യംനേടി പുറത്തിറങ്ങി. മുഖ്യപ്രതി ഫൈസൽ ഫരീദിനെ ഇതുവരെ പിടികൂടിയിട്ടില്ല. പ്രതികളിൽ ചിലരെ മാപ്പുസാക്ഷികളുമാക്കി.
കസ്റ്റംസിന്റെ സ്വർണക്കടത്ത്, ഡോളർ കടത്ത്, ഈന്തപ്പഴം കടത്ത് കേസുകളിലായി 25 പ്രതികളുണ്ട്. ഈന്തപ്പഴം ഇറക്കുമതി സിബിഐയും ആദായനികുതിവകുപ്പും അന്വേഷിക്കുന്നു. രാജ്യദ്രോഹക്കുറ്റംകൂടി ചേർത്ത് എൻഐഎ രജിസ്റ്റർ ചെയ്ത കേസിൽ സന്ദീപ് നായർ ഉൾപ്പെടെ നാലുപേരെ മാപ്പുസാക്ഷിയാക്കി. ഇഡിയുടെ അഞ്ചു പ്രതികളുള്ള കേസിൽ കുറ്റപത്രം നൽകിയത് മാത്രം മിച്ചം.
പ്രതികൾ 21 തവണയായി 167 കിലോ സ്വർണം നയതന്ത്ര ബാഗേജിലൂടെ കടത്തിയെന്നാണ് കേന്ദ്ര ഏജൻസികളുടെ കണ്ടെത്തൽ. ഇതിൽ പങ്കാളികളാണെന്ന് കസ്റ്റംസ് കണ്ടെത്തിയ യുഎഇ കോൺസുൽ ജനറൽ ജമാൽ ഹുസൈൻ അൽ സാബ്, അറ്റാഷെ റഷീദ് ഖർണിസ് അലി മുസൈഖിരി അൽ അഷ്മെ, ഈജിപ്ഷ്യൻ പൗരൻ ഖാലിദ് അൽ ഷൗക്കിരി, ബാഗേജ് കൊടുത്തയച്ച ഫൈസൽ ഫരീദ് എന്നിവരെ ഇന്ത്യയിൽ എത്തിക്കാനായില്ല. സ്വർണം വാങ്ങിയതാര്, പണം നിക്ഷേപിച്ചവർ, വിറ്റതാർക്ക് എന്നതിനൊന്നും ഇതുവരെയും ഉത്തരമില്ല.