ആലപ്പുഴ/കൊച്ചി > ലക്ഷദ്വീപ് സന്ദർശിക്കാൻ എംപിമാർ സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വിചിത്രവാദവുമായി ദ്വീപ് അഡ്മിനിസ്ട്രേഷൻ. കേരളത്തിൽനിന്നുള്ള ഇടതുപക്ഷ എംപിമാർക്ക് സന്ദർശനാനുമതി നിഷേധിച്ച് ശനിയാഴ്ച നൽകിയ മറുപടിയിലാണിത് വ്യക്തമാക്കുന്നത്. കോൺഗ്രസ് എംപിമാർക്കും അനുമതി നിഷേധിച്ചു.
എംപിയുടെ സ്വഭാവ സർട്ടിഫിക്കറ്റ് സ്പോൺസർ ഹാജരാക്കണമെന്നും അത് മജിസ്ട്രേട്ടോ നോട്ടറിയോ സാക്ഷ്യപ്പെടുത്തണമെന്നും പറയുന്നു. 2014 സെപ്തംബർ 19ലെ നിയമപ്രകാരമാണ് നിബന്ധനയെന്നും ലക്ഷദ്വീപ് എഡിഎം നൽകിയ മറുപടിയിലുണ്ട്. ദ്വീപിന് പുറത്തുനിന്നെത്തുന്ന കൂലിത്തൊഴിലാളികൾക്കായി ഇറക്കിയ ഉത്തരവാണിത്.
മറ്റൊന്ന് ദ്വീപിനുപുറത്തുനിന്നുള്ള എല്ലാവർക്കും ബാധകമായ ഫോം നമ്പർ ഒന്നാണ്. ഈ രേഖ ഇല്ലാത്തതിനാലാണ് അനുമതി നിഷേധിച്ചതെന്നും ഇത് ഹാജരാക്കാനും കത്തിൽ പറയുന്നു. അനുമതി നിഷേധിച്ചതിനെതിരെ എംപിമാരുടെ ഹർജി ഹൈക്കോടതി പരിഗണിക്കുന്നതിനിടയിലാണ് മറുപടി.