തിരുവനന്തപുരം> കോവിഡ് മൂലം മരണപ്പെട്ടവരുടെ കണക്കില് വിദേശങ്ങളില് വച്ച് മരിച്ചവരെകൂടി ഉള്പ്പെടുത്തുക എന്നത് പ്രവാസികളോടുള്ള ഏറ്റവും ന്യായവും പ്രാഥമികവുമായ ഉത്തരവാദിത്തമായിത്തന്നെ കേന്ദ്ര സര്ക്കാര് കണക്കാക്കേണ്ടതുണ്ടെന്ന് ലോക കേരളസഭാംഗം എന് കെ കുഞ്ഞുമുഹമ്മദ്.
കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങള്ക്ക് കേന്ദ്ര സര്ക്കാര് സാമ്പത്തിക സഹായം നല്കണമെന്നും ഇതിനാവശ്യമായ കൃത്യമായ കണക്ക് ഉടന് തയ്യാറാക്കണമെന്നുമുള്ള സുപ്രീം കോടതി നിര്ദേശം തികച്ചും ഉചിതമാണെന്നും കുഞ്ഞുമുഹമ്മദ് പറഞ്ഞു.
ഏകദേശം 2000 ത്തോളം ഇന്ത്യക്കാരാണ് കോവിഡ് മൂലം വിവിധ വിദേശ രാജ്യങ്ങളില് മരണപ്പെട്ടിരിക്കുന്നത്. ഇതില് 700 ഓളം പേര് മലയാളികളാണെന്നും കണക്കുകള് സൂചിപ്പിക്കുന്നു. മരിച്ചവരില് നല്ലൊരു ശതമാനം പേരും വളരെ താഴ്ന്ന സാമ്പത്തിക സ്ഥിതിയുള്ളവരും കോവിഡ് വ്യാപനത്തിന്റെ തുടക്കം മുതല് കേന്ദ്രത്തിന്റെ അവഗണന പലവിധത്തില് നേരിട്ടവരുമാണ്.
നാട്ടില് അവരെ ആശ്രയിച്ച് കഴിഞ്ഞിരുന്ന ആയിരക്കണക്കിന് കുടുംബങ്ങളുടെ സ്ഥിതിയും ഇതോടെ കൂടുതല് ദയനീയമായ അവസ്ഥയാണ്. രാജ്യത്തിന്റ സമ്പദ് ഘടനയെ ശക്തിപ്പെടുത്തുന്നതില് എക്കാലത്തും സുവ്യക്തമായ പങ്കു വഹിച്ചവരാണ് പ്രവാസികള്. പ്രതിസന്ധി കാലങ്ങളില് നാടിനെ താങ്ങി നിറുത്താന് മുന്നില് നിന്നവരെ വിഷമഘട്ടത്തില് രാജ്യം കയ്യൊഴിഞ്ഞുകൂടാ.
പരിമിതമായ സാഹചര്യങ്ങള്ക്കുള്ളില് നിന്നുകൊണ്ട് കേരളം അടക്കമുള്ള ഏതാനും ചില സംസ്ഥാന സര്ക്കാരുകള് മാത്രമാണ് നിലവില് കോവിഡ് ബാധിക്കുകയൂം മരണപ്പെടുകയും ചെയ്ത പ്രവാസികള്ക്ക് സഹായങ്ങള് ലഭ്യമാക്കുന്നത്. അതുകൊണ്ടുതന്നെ കേന്ദ്ര സര്ക്കാരിന്റെ സവിശേഷ ശ്രദ്ധ ഇക്കാര്യത്തില് ഉണ്ടാകേണ്ടത് അത്യാവശ്യമാണ്, അത് പ്രവാസികളുടെ അവകാശമാണ്.
ഒപ്പം, ചില വിദേശരാജ്യങ്ങളിലേക്കുള്ള ഇന്ത്യക്കാരുടെ പ്രവേശന വിലക്ക് ദീര്ഘമായി തുടരുന്ന സാഹചര്യം വലിയ തോതിലുള്ള തൊഴില്/ സാമ്പത്തിക അസ്ഥിരതയാണ് കേരളത്തിലടക്കം സൃഷ്ടിച്ചിരിക്കുന്നത്. ഏതാണ്ട് ഒരു വര്ഷത്തോളമായി തൊഴിലും വരുമാനവുമില്ലാതെ നാട്ടില് തുടരുന്നവരും ഏറെയാണ്. ഈ വിഷയത്തില് പ്രവാസികള്ക്ക് തൊഴിലും ജീവിത മാര്ഗങ്ങളും നിലനിര്ത്താന് കഴിയുന്ന വിധത്തില് കാര്യക്ഷമമായ നയതന്ത്ര ഇടപെടലുകള് നടത്തണമെന്നും എന് കെ കുഞ്ഞുമുഹമ്മദ് ആവശ്യപ്പെട്ടു.