തിരുവനന്തപുരം> നവ ഉദാര പരിഷ്കാരങ്ങള്ക്കുശേഷമാണ് രാജ്യത്ത് സ്ത്രീധന സമ്പ്രദായവും വിവാഹധൂര്ത്തും ശക്തമായതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി പറഞ്ഞു. സിപിഐ എം സംഘടിപ്പിക്കുന്ന ‘സ്ത്രീപക്ഷ കേരളം’ ക്യാമ്പയിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അവര്.
മുതലാളിത്ത വ്യവസ്ഥിതിയുടെ സ്വാധീനവും വിപണി സമ്മര്ദവും മറ്റൊരു കാരണമാണ്. പഠനത്തേക്കാള് പ്രാധാന്യം വിവാഹത്തിനാണെന്ന ചിന്ത ശക്തമായതില് വിപണി ഇടപെടലുണ്ട്. ജാതിവ്യവസ്ഥയുടെ സ്വാധീനവും അന്ധവിശ്വാസങ്ങളും വലിയ പങ്കുവഹിച്ചു. പെണ്കുട്ടിയുടെ വിവാഹം ഇത്ര വയസ്സിനുള്ളില് നടക്കണമെന്ന് പറയുന്ന ജ്യോത്സ്യരുണ്ട്. അതു വിശ്വസിച്ച് വിവാഹം നടത്താന് പുറപ്പെടുന്ന രക്ഷിതാക്കളും.
അതിനാല് ലിംഗസമത്വത്തിനുവേണ്ടിയുള്ള പോരാട്ടത്തില് അന്ധവിശ്വാസങ്ങള്ക്കും ജാതിവ്യവസ്ഥയ്ക്കും എതിരായ സമരവും ഏറ്റെടുക്കണം. സ്ത്രീവിരുദ്ധതയ്ക്കെതിരെയുള്ള സിപിഐ എം ക്യാമ്പയിന് ഏറെ പ്രാധാന്യമര്ഹിക്കുന്നു. എല്ഡിഎഫ് സര്ക്കാരും ശക്തമായ ഇടപെടലാണ് നടത്തുന്നതെന്നും അവര് പറഞ്ഞു.