കൊച്ചി/കണ്ണൂർ: സ്വർണ്ണക്കൊള്ള കേസിൽ ടി.പി കേസ് പ്രതികളുടെ പങ്കാളിത്തം സമ്മതിച്ച് അർജുൻ ആയങ്കിയുടെ നിർണായക മൊഴി. കസ്റ്റംസിന്റെ നിരന്തര ചോദ്യം ചെയ്യലിലാണ് കൊടി സുനിയും മുഹമ്മദ് ഷാഫിയും സ്വർണ്ണം പൊട്ടിക്കുന്നതിന്(തട്ടിയെടുക്കാൻ) സഹായിച്ചുവെന്ന മൊഴി നൽകിയത്. ഇതിനുള്ള പ്രതിഫലം ഇവർക്ക് നൽകിയെന്നും അർജുൻ കസ്റ്റംസിനോട് സമ്മതിച്ചിട്ടുണ്ട്.
പൊട്ടിക്കുന്ന സ്വർണത്തിന്റെ മൂന്നിൽ ഒരു പങ്ക് പാർട്ടിക്ക്(കൊടി സുനി ടീം) നൽകുമെന്ന് പറയുന്ന ഫോൺ സംഭാഷണം നേരത്തെ പുറത്തുവന്നിരുന്നു.
ടി.പി കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കൊടി സുനിയാണ് അവിടെ ഇരുന്ന് ക്വട്ടേഷൻ ടീമിനെ നിയന്ത്രിക്കുന്നത് എന്ന റിപ്പോർട്ടുകൾ നേരത്തെയും പുറത്തുവന്നിരുന്നു. ഇപ്പോൾ പരോളിലാണ് മുഹമ്മദ് ഷാഫിയുള്ളത്.
ഒളിവിൽ കഴിയാനും ടി.പി കേസ് പ്രതികൾ സഹായിച്ചുവെന്നും അർജ്ജുൻ ആയങ്കിയുടെ മൊഴിയിലുണ്ട്. കൊടി സുനിയെ മുൻനിർത്തിയാണ് അർജ്ജുൻ ആയങ്കിയും സംഘവും പല ഓപ്പറേഷനുകളും നടത്തിയതെന്ന സൂചനകളാണ് വരുന്നത്. കൊടിസുനിയുടെ സംരക്ഷണം ഇവർക്ക് ലഭിച്ചിരുന്നതായി കസ്റ്റംസിന് വ്യക്തമായിട്ടുണ്ട്.
അർജ്ജുൻ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൊടിസുനിയെയും ഷാഫിയെയും ഉടൻ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് കസ്റ്റംസ്. ഇതിനിടെ തന്റെ ഫോൺ പുഴയിൽ എറിഞ്ഞുകളഞ്ഞു എന്നാണ് അർജുൻ മൊഴി നൽകിയത്. ഇത് കസ്റ്റംസ് ഇതുവരെ വിശ്വാസത്തിലെടുത്തിട്ടില്ല. എങ്കിലും കണ്ണൂർ കുപ്പം പുഴയിൽ പരിശോധന നടത്താനും സാധ്യതയുണ്ട്.
തെളിവെടുപ്പിനായി കണ്ണൂരിൽ എത്തിച്ച അർജുൻ ആയങ്കിയുമായി വീട്ടിലും കാർ ആദ്യം ഉപേക്ഷിച്ച സ്ഥലത്തും അടക്കം കസ്റ്റംസ് തെളിവെടുത്ത് നടത്തും
Content Highlight: Kodi Suni and Muhammed Shafi helped for gold smuggling: Arjun Ayanki