തിരുവനന്തപുരം
കേരളത്തിൽ ഡ്രോൺ റിസർച്ച് ലാബും ഡ്രോൺ ഫോറൻസിക് ലാബും ആരംഭിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ശത്രുക്കളുടെ ഡ്രോണുകൾ തടയാനും നിർവീര്യമാക്കാനും ആന്റി ഡ്രോൺ സംവിധാനവും കേരള പൊലീസ് വികസിപ്പിക്കും. തിരുവനന്തപുരത്ത് സൈബർഡോമാകും ഡ്രോൺലാബ് ആരംഭിക്കുക. സംസ്ഥാന പൊലീസ് മേധാവിയായി നിയമിക്കപ്പെട്ടതിൽ മുഖ്യമന്ത്രിയോട് നന്ദി അറിയിക്കുന്നതായും അനിൽകാന്ത് പറഞ്ഞു.
സ്ത്രീധന പരാതികളിൽ കാര്യക്ഷമവും അതിവേഗവുമുള്ള അന്വേഷണം നടത്തും. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന. കുട്ടികൾക്കെതിരായ സൈബർ ആക്രമണം തടയാൻ പി ഹണ്ട് ശക്തിപ്പെടുത്തും. ഫോറൻസിക് സയൻസ് ലാബിൽ ഗൗരവമുള്ള കേസുകളിൽ പരിശോധനാ ഫലം വേഗത്തിൽ കിട്ടാനുള്ള നടപടിയുണ്ടാകും.
പരാതികളിലെ നടപടി അതാത് ഘട്ടത്തിൽ അറിയിക്കാൻ സംവിധാനം ഒരുക്കും. അനാവശ്യമായ വർക്കിങ് അറേഞ്ച്മെന്റുകളും അദർ ഡ്യൂട്ടികളും അവസാനിപ്പിക്കും. ഉദ്യോഗസ്ഥർക്ക് പ്രത്യേക ഇൻഷുറൻസ് പദ്ധതി ആലോചിക്കും. സൈബർ ക്രൈം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ബോധവൽക്കരണം ശക്തിപ്പെടുത്തുമെന്നും അനിൽകാന്ത് പറഞ്ഞു. ഹെഡ്ക്വാർട്ടേഴ്സ് എഡിജിപി മനോജ് എബ്രഹാം, പൊലീസ് ഇൻഫർമേഷൻ സെന്റർ ഡെപ്യൂട്ടി ഡയറക്ടർ പ്രമോദ് കുമാർ എന്നിവരും പങ്കെടുത്തു.
ഡ്രൈവിങ്ങിൽ ബ്ലൂടൂത്ത് പാടില്ല
ഡ്രൈവിങ്ങിൽ ബ്ലൂടൂത്ത് ഉപയോഗിച്ച് സംസാരിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്. ബ്ലൂടൂത്ത് ഉപയോഗം മോട്ടോർ വാഹന നിയമം ലംഘിക്കുന്നതാണ്. ബ്ലൂടൂത്തിൽ സംസാരിച്ചാലും ശ്രദ്ധ മാറുമെന്നും അപകടത്തിന് ഇടയാക്കുമെന്നും അനിൽകാന്ത് പറഞ്ഞു.