തിരുവനന്തപുരം
പുനഃസംഘടനാ മാനദണ്ഡങ്ങൾക്ക് അനുമതി തേടാൻ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഡൽഹിക്ക്. ശനിയാഴ്ച ഡൽഹിയിലെത്തി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, ജനറൽസെക്രട്ടറി താരിഖ് അൻവർ എന്നിവരുമായി ചർച്ച നടത്തും. ഉമ്മൻചാണ്ടിയടക്കമുള്ള മുതിർന്ന നേതാക്കളുമായി തിരിച്ചെത്തിയശേഷം ആലേചന മതിയെന്നാണ് തീരുമാനം.
വെള്ളിയാഴ്ച നേതൃയോഗം തീരുമാനിച്ചെങ്കിലും ഹൈക്കമാൻഡ് അനുമതി തേടിയശേഷം മതിയെന്ന നിർദേശത്തെ തുടർന്ന് അവസാന നിമിഷം മാറ്റി. ജംബോ കമ്മിറ്റി ഒഴിവാക്കി കെപിസിസി, ഡിസിസി പുനഃസംഘടിപ്പിക്കാനാണ് രാഷ്ട്രീയകാര്യസമിതി തീരുമാനം. അഴിച്ചുപണിയിൽ സമ്മർദം മുറുക്കാൻ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ധാരണയിലെത്തിയിട്ടുണ്ട്. കെ മുരളീധരനടക്കം കെ സുധാകരന് വിലങ്ങുതടിയാണ്. മുരളീധരന് യുഡിഎഫ് കൺവീനർ സ്ഥാനം നൽകില്ലെന്നാണ് സൂചന. അഴിച്ചുപണിയിൽ മുതിർന്ന നേതാക്കളെ ഒഴിവാക്കിയാലുള്ള കൂട്ടപ്പൊരിച്ചിൽ ഹൈക്കമാൻഡിൽ ചാരാനാണ് അണിയറ നീക്കം.