തിരുവനന്തപുരം
കോവിഡ് മരണനിരക്ക് മനഃപൂർവം കുറച്ചുകാണിക്കുന്നുവെന്ന പ്രചാരണം കേരളത്തെ നിന്ദിക്കുന്നത്. പ്രതിപക്ഷവും അവരെ സഹായിക്കുന്ന മാധ്യമങ്ങളുമാണ് ഈ ‘മരണക്കളി’ക്ക് പിന്നിൽ. ഒരു സഹായവും കിട്ടില്ലെന്ന് ജനത്തെ പേടിപ്പിക്കുകയാണ് ഇവർ. ഉറ്റവരെ നഷ്ടപ്പെട്ടവരുടെ അടുത്തുവരെ രാഷ്ട്രീയ വിരോധത്താൽ നുണ പ്രചരിപ്പിക്കുകയാണ്. സർക്കാരിന് മേനിനടിക്കണമെങ്കിൽ മറ്റുപല സംസ്ഥാനങ്ങളെയുംപൊലെ രോഗികളുടെ എണ്ണം കുറച്ചുകാണിക്കാമായിരുന്നു. ഏറ്റവും പോസിറ്റീവ് നിരക്കുള്ള സംസ്ഥാനങ്ങളിലൊന്നായപ്പോഴും സത്യം മറച്ചില്ല. യഥാർഥ കണക്ക് പുറത്തുവിട്ടു. ഉത്തർപ്രദേശടക്കം പല സംസ്ഥാനത്തും രോഗികളുടെ എണ്ണം കുറച്ചുകാണിച്ചത് പുറത്തുവന്നു. ‘ഡൗൺ ടു എർത്ത് മാസിക’ ഇത് പ്രസിദ്ധീകരിച്ചിരുന്നു. കേരളത്തിന്റെ കണക്കിൽ തെറ്റുള്ളതായി ഇന്ത്യയിലെ ഒരു ഏജൻസിയും പറഞ്ഞിട്ടില്ല.
സർക്കാരിന് ദുരഭിമാനമില്ലെന്നും ജനങ്ങളുടെ സുരക്ഷയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പലതവണ വ്യക്തമാക്കി. വീഴ്ചയില്ലെന്ന് ഉറപ്പാക്കാൻ സോഫ്റ്റ്വെയറിലൂടെ ഡോക്ടർതന്നെ കോവിഡ് മരണം രേഖപ്പെടുത്തുന്ന രീതി അവലംബിച്ചു.
കോവിഡ് ബാധിച്ച് മരിച്ചവർക്ക് കേന്ദ്രം ധനസഹായം നൽകണമെന്ന സുപ്രീംകോടതി വിധിയെത്തുടർന്നാണ് പുതിയ ചർച്ച. കോവിഡ് ബാധിച്ച് മൂന്നു മാസത്തിനുള്ളിൽ മരിച്ചാലും കോവിഡ് മരണമായി കണക്കാക്കണമെന്നും കോടതി പറഞ്ഞിട്ടുണ്ട്. മരണം രേഖപ്പെടുത്തുന്നതിനുള്ള മാനദണ്ഡത്തിൽ മാറ്റം നിർദേശിക്കേണ്ടത് കേന്ദ്രമാണ്. ഐസിഎംആർ മാനദണ്ഡപ്രകാരമാണ് കേരളം മരണം രേഖപ്പെടുത്തുന്നതെന്ന് സർക്കാർ ആവർത്തിച്ചിട്ടും അതല്ലെന്ന് സ്ഥാപിക്കാനുള്ള വ്യഗ്രത രാഷ്ട്രീയംമാത്രമാണ്.
സർക്കാരിനെ കുറ്റപ്പെടുത്തുന്നത് രാഷ്ട്രീയലക്ഷ്യം
ഐസിഎംആർ നിർദേശങ്ങൾ സൗകര്യപൂർവം വ്യാഖ്യാനിക്കുന്നതും സർക്കാരിനെ പ്രതിയാക്കുന്നതും രാഷ്ട്രീയ ലക്ഷ്യത്താൽ. ഐസിഎംആർ മാനദണ്ഡപ്രകാരം, ലക്ഷണമുണ്ടായിട്ടും പരിശോധനയിൽ രോഗംസ്ഥിരീകരിക്കാത്ത കേസുകളും ‘ കോവിഡ് സാധ്യതാ മരണ’മാണ്. മറ്റ് ഗുരുതര രോഗമുള്ളവർ കോവിഡ് ബാധിച്ച് മരിച്ചാൽ മരണകാരണം കോവിഡാണെന്ന് ഉറപ്പാക്കാനായാൽ ( Direct cause ) പട്ടികയിലുൾപ്പെടുത്താം. പരിശോധനകളിൽ നെഗറ്റീവായാലും ലക്ഷണങ്ങളോടെ മരിച്ചാൽ ‘ സാംക്രമിക രോഗ ലക്ഷണങ്ങളോടെ മരിച്ചു ’ എന്നു രേഖപ്പെടുത്തണം. ഇത് പരിശോധിച്ച് ഡോക്ടർമാർ രേഖപ്പെടുത്തണമെന്ന് നിർദേശിക്കുകയാണ് സർക്കാർ ചെയ്തത്. മറ്റുള്ളവർ എങ്ങനെ വ്യാഖ്യാനിച്ചാലും ജനങ്ങളെ എപ്രകാരം സഹായിക്കാമെന്ന ചിന്തയാണ് സർക്കാരിനെ നയിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാജോർജും വ്യക്തമാക്കിയിട്ടുണ്ട്.
കോവിഡ് പുതിയ രോഗവും സ്വഭാവം മാറിക്കൊണ്ടിരിക്കുന്ന വൈറസുമാണ്. സാഹചര്യങ്ങൾക്കനുസരിച്ച് തന്ത്രങ്ങളിലും തീരുമാനങ്ങളിലും മാറ്റങ്ങൾ വേണ്ടിവരും. ഇത് പല പ്രാവശ്യം സർക്കാർ വ്യക്തമാക്കിയിട്ടുമുണ്ട്. കോലാഹലവുമായി ഇറങ്ങിയിട്ടുള്ള പ്രതിപക്ഷമോ മാധ്യമങ്ങളോ ആഗ്രഹിക്കുന്നത് ജനങ്ങളുടെ നന്മയല്ലെന്ന് വ്യക്തമാണ്.
രണ്ടാം തരംഗത്തിൽ 200 വരെ
കോവിഡ് ആദ്യതരംഗത്തിൽ കേരളത്തിലെ പ്രതിദിന മരണം മുപ്പതായിരുന്നുവെങ്കിൽ രണ്ടാം തരംഗം ശക്തിപ്രാപിച്ച ഏപ്രിൽ അവസാനത്തോടെ ഇത് 40 കടന്നു. പിന്നീട് ഇരുനൂറുവരെ ഉയർന്നു. രണ്ടുതരംഗവും തമ്മിൽ മരണനിരക്കിൽ വലിയ വ്യത്യാസമുണ്ടായി. കുറച്ചുകാണിച്ചിരുന്നുവെങ്കിൽ ഈ വ്യത്യാസമുണ്ടാകില്ലായിരുന്നു. സംസ്ഥാനതലത്തിൽ മരണം സ്ഥിരീകരിക്കുന്ന രീതി മാറ്റി, ഡോക്ടർമാർ രജിസ്റ്റർചെയ്യാൻ തുടങ്ങിയതോടെ രേഖപ്പെടുത്തുന്നതിലെ കാലതാമസം ഇല്ലാതായെന്ന്- ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. വി ആർ രാജു പറഞ്ഞു.
വ്യാഴാഴ്ചവരെ ആകെ കോവിഡിൽ മരിച്ചവർ 13,359 പേരാണ്. 10,263 പേർ ആറുമാസത്തിനിടെ മരിച്ചപ്പോൾ 2020ൽ ആകെ മരിച്ചത് 3096ഉം. സമീപ ജില്ലകളിൽനിന്നുള്ളവരും ചികിത്സ തേടിയെത്തുന്നതിനാൽ തിരുവനന്തപുരത്ത് മരണനിരക്ക് വർധിക്കുക സ്വാഭാവികം. 2810 കോവിഡ് മരണം ഇവിടെയുണ്ടായി. തൃശൂർ, കോഴിക്കോട്, എറണാകുളം, പാലക്കാട്, മലപ്പുറം, ആലപ്പുഴ ജില്ലകളിലും മരണം ആയിരത്തിൽ കൂടുതലാണ്.