ന്യൂഡൽഹി
സോളിസിറ്റർ ജനറൽ തുഷാർ മെഹ്തയെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് പ്രധാനമന്ത്രിക്ക് കത്ത് നൽകി. സിബിഐയും എൻഫോഴ്സ്മെന്റും അന്വേഷിക്കുന്ന നിരവധി കേസുകളിൽ പ്രതിയായ ബിജെപി നേതാവ് സുവേന്ദു അധികാരിയുമായി തുഷാർ മെഹ്ത കൂടിക്കാഴ്ച നടത്തിയെന്ന് തൃണമൂൽ നേതാക്കൾ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി.
‘അറ്റോണി ജനറൽ കഴിഞ്ഞാൽ രാജ്യത്തെ രണ്ടാമത്തെ ഉയർന്ന നിയമകാര്യ ഉദ്യോഗസ്ഥനും സുപ്രധാനകേസുകളിലും നിയമവിഷയങ്ങളിലും സർക്കാരിനും അന്വേഷണഏജൻസികളെയും പ്രതിനിധാനംചെയ്യുന്നതും സോളിസിറ്റർ ജനറലാണ്. അത്തരമൊരാൾ നിരവധി കേസുകളിൽ പ്രതിസ്ഥാനത്തുള്ള ബിജെപി നേതാവുമായി കൂടിക്കാഴ്ച നടത്തിയത് ദുരൂഹമാണ്. സിബിഐ അന്വേഷിക്കുന്ന നാരദ കേസിൽ സുവേന്ദു കോഴകൈപ്പറ്റുന്ന ഒളിക്യാമറാ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. ശാരദാചിട്ടിത്തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ സുദീപ്ത സെൻ സുവേന്ദു അധികാരിക്ക് എതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഈ രണ്ടുകേസിലും സിബിഐയ്ക്ക് വേണ്ടി തുഷാർ മെഹ്ത ഹാജരായിട്ടുണ്ട്.
സുവേന്ദുവും തുഷാർ മെഹ്തയുമായി കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ഈ കേസുകളുടെ ഭാവിയെക്കുറിച്ച് സംശയം ഉയർന്നിട്ടുണ്ട്’–- തൃണമൂൽ എംപിമാരായ ഡെറിക്ക് ഒബ്രയാൻ, മഹുവ മൊയിത്ര, സുകേന്ദുശേഖർ റോയ് എന്നിവർ കത്തിൽ പറഞ്ഞു. എന്നാൽ, തുഷാർ മെഹ്ത ആരോപണങ്ങൾ നിഷേധിച്ചു.
സുവേന്ദു അധികാരി തന്റെ ഔദ്യോഗിക വസതിയിൽ എത്തിയെന്ന് അദ്ദേഹം സമ്മതിച്ചു. കാണാനാകില്ലെന്ന് താൻ പറഞ്ഞതോടെ അദ്ദേഹം മടങ്ങിയെന്ന് സോളിസിറ്റർ ജനറൽ അവകാശപ്പെട്ടു.