ന്യൂഡൽഹി
രാജ്യത്തെ യഥാർത്ഥ കോവിഡ് മരണസംഖ്യ ഔദ്യോഗിക കണക്കിന്റെ പല മടങ്ങ് വരുമെന്ന് വിദഗ്ധർ. മരണ രജിസ്ട്രേഷൻ കണക്കുകൾ പ്രകാരം ഈ വർഷം ജനുവരി–- മെയ് കാലയളവിൽ മധ്യപ്രദേശിൽ മുൻവർഷങ്ങളേക്കാൾ 42 ഇരട്ടി മരണം രജിസ്റ്റർ ചെയ്തു. ആന്ധ്രയിൽ ഇത് 34 ഇരട്ടിയും തമിഴ്നാട്ടിൽ 6.2 ഇരട്ടിയും കർണാടകത്തിൽ അഞ്ചിരട്ടിയുമാണ്. ഈ നാല് സംസ്ഥാനത്തായി അഞ്ചു ലക്ഷം അധികമരണം ജനുവരി–- മെയ് കാലയളവിലുണ്ടായി. എന്നാൽ, രേഖപ്പെടുത്തിയ കോവിഡ് മരണങ്ങളാകട്ടെ 46000 മാത്രമാണ്. ഇന്ത്യൻ ജനസംഖ്യയുടെ 21 ശതമാനം വരുന്നതാണ് ഈ നാല് സംസ്ഥാനം. ഇവിടെമാത്രം അധികമരണവും കോവിഡ് മരണവും തമ്മിൽ 10 മടങ്ങാണ് വ്യത്യാസം.
ഈ അനുപാതം അഖിലേന്ത്യാതലത്തിൽ പരിഗണിച്ചാൽ 15 ലക്ഷം അധികമരണം ജനുവരി–- മെയ് കാലയളവിൽ രാജ്യത്ത് സംഭവിച്ചിട്ടുണ്ടാകാമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മരണ രജിസ്ട്രേഷൻ കണക്കുകൾ പ്രകാരം അധികമരണം ഏറ്റവും കുറവ് കേരളത്തിലാണ്. ആദ്യ വ്യാപനമുണ്ടായ 2020ൽ കേരളത്തിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് രജിസ്റ്റർ ചെയ്ത മരണങ്ങൾ കുറവുമാണ്. ജനന–- മരണ രജിസ്ട്രേഷൻ 100 ശതമാനവും പാലിക്കുന്നത് ഇന്ത്യയിൽ കേരളം അടക്കം ചുരുക്കം സംസ്ഥാനങ്ങളിൽ മാത്രമാണ്. ബിഹാർപോലുള്ള സംസ്ഥാനങ്ങളിൽ 35 ശതമാനം മരണം മാത്രമാണ് ഔദ്യോഗികമായി രജിസ്റ്റർ ചെയ്യപ്പെടുന്നത്.