റിയോ
കോപ അമേരിക്ക ഫുട്ബോളിൽ സെമി ലക്ഷ്യമിട്ട് അർജന്റീന നാളെ ഇക്വഡോറിനെതിരെ. പുലർച്ചെ 6.30നാണ് കളി. മറ്റൊരു മത്സരത്തിൽ കൊളംബിയയും ഉറുഗ്വേയും ഏറ്റുമുട്ടും. പുലർച്ചെ 3.30നാണ് ഈ ക്വാർട്ടർ. ലോകകപ്പ് യോഗ്യതയിൽ തുടർച്ചയായി സമനില വഴങ്ങിയാണ് ലയണൽ മെസിയുടെ അർജന്റീന കോപയ്ക്കെത്തിയത്. ആദ്യ കളിയിൽ ചിലിയോട് സമനില വഴങ്ങി. തുടർന്നുള്ള മത്സരങ്ങളിൽ ഉറുഗ്വേ, പരാഗ്വേ, ബൊളീവിയ ടീമുകളെ തോൽപ്പിച്ചു. മൂന്ന് ഗോളുമായി മെസിയാണ് ഗോൾവേട്ടയിൽ മുന്നിൽ.
ഗ്രൂപ്പ് ബിയിൽ നാലാംസ്ഥാനക്കാരായാണ് ഇക്വഡോർ ക്വാർട്ടറിലെത്തിയത്. ആദ്യ കളിയിൽ കൊളംബിയയോട് തോറ്റ ഇക്വഡോർ തുടർന്ന് വെനസ്വേല, പെറു ടീമുകളുമായി സമനില പിടിച്ചു. അവസാന കളിയിൽ ബ്രസീലിനെയും തളച്ചു. അർജന്റീനക്കാരനായ ഗുസ്താവോ അൽഫാരോയാണ് ഇക്വഡോർ ടീമിന്റെ പരിശീലകൻ.
2018 കോപ സെമിയിലാണ് അർജന്റീന അവസാനമായി തോറ്റത്. പരിശീലകൻ ലയണൽ സ്കലോണിക്കുകീഴിൽ ഭേദപ്പെട്ട പ്രകടനമാണ് ടീം പുറത്തെടുക്കുന്നത്. എങ്കിലും മുന്നേറ്റനിരയിൽ ലൗതാരോ മാർട്ടിനെസും സെർജിയോ അഗ്വേറോയും ഉൾപ്പെടെയുള്ള താരങ്ങൾ തിളങ്ങാത്തത് തിരിച്ചടിയാണ്. മെസിക്കുപുറമെ രണ്ട് ഗോളടിച്ച പാപു ഗോമെസ് ആണ് ശ്രദ്ധേയ പ്രകടനം പുറത്തെടുത്ത മറ്റൊരു താരം. പ്രതിരോധത്തിൽ ക്രിസ്റ്റ്യൻ റൊമേറോയും തിളങ്ങി.ടീമിന്റെ പ്രതിരോധം കെട്ടുറപ്പുള്ളതല്ല. പലപ്പോഴും അവസാനഘട്ടത്തിൽ ഗോൾ വഴങ്ങുന്നു. നാളെ ആദ്യ ക്വാർട്ടറിൽ ഏറ്റുമുട്ടുന്ന ഉറുഗ്വേയും കൊളംബിയയും ഇതുവരെ നല്ല പ്രകടനം പുറത്തെടുത്തിട്ടില്ല.