സെന്റ് പീറ്റേഴ്സ് ബർഗ്
ഫ്രാൻസിനെ ഷൂട്ടൗട്ടിൽ വീഴ്ത്തിയ സ്വിറ്റ്സർലൻഡ് അതേ ആയുധത്താൽ വീണു. ക്വാർട്ടറിൽ സ്പെയ്ൻ സ്വിസിനെ ഷൂട്ടൗട്ടിൽ 3–-1ന് വീഴ്ത്തി. നിശ്ചിത സമയത്തും അധിക സമയത്തും 1–-1 ആയിരുന്നു സ്കോർ. ഡെനിസ് സക്കറിയുടെ പിഴവുഗോളിലൂടെ മുന്നിലെത്തിയ സ്പെയ്നിനെ രണ്ടാം പകുതിയുടെ തുടക്കത്തിൽ ഷെർദാൻ ഷക്കീരിയിലൂടെ സ്വിസുകാർ സമനിലയിൽ പിടിക്കുകയായിരുന്നു. സ്വിസ് ഗോൾ കീപ്പർ യാൻ സോമ്മെറിന്റെ മികവായിരുന്നു കളിയെ ഷൂട്ടൗട്ടിലെത്തിച്ചത്. സ്വിസുകാരുടെ രണ്ട് കിക്കുകൾ തടുത്തിട്ട് സ്പാനിഷ് ഗോൾ കീപ്പർ ഉനായ് സിമോൺ ഷൂട്ടൗട്ടിൽ മിന്നി. സ്വിസുകാരുടെ ഒരെണ്ണം ബാറിന് മുകളിലൂടെ പറന്നു. സ്പെയ്നിനായി ഡാനി ഓൽമോയും ജെറാർഡ് മൊറേനോയും ഒയെർസബാലും ലക്ഷ്യം കണ്ടു. സ്വിസിന് വേണ്ടി ഗവ്റനോവിച്ച് മാത്രം പന്ത് ലക്ഷ്യത്തിലെത്തിച്ചു.
സ്പാനിഷ് ക്യാപ്റ്റൻ സെർജിയോ ബുസ്ക്വെറ്റ്സിന്റെ കിക്ക് പോസ്റ്റിൽ തട്ടി. റോഡ്രിയുടെ കിക്ക് സോമ്മെർ തടുത്തിട്ടു. മറുവശത്ത് ഫാബിയാൻ ഷാറിന്റെയും മാനുവേൽ അക്കാഞ്ഞിയുടെയും കിക്കുകൾ സിമോൺ തടുത്തു. റൂബെൻ വർഗാസിന്റെ അടി ബാറിന് മുകളിലൂടെ പാഞ്ഞു.
ഫ്രാൻസിനെതിരെ നേടിയ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് സ്വിസുകാർ എത്തിയത്. ഗോളടിക്കാൻ അനുവദിക്കാതെ സ്പാനിഷ്നിരയെ പരാമവധി തടഞ്ഞുനിർത്തുകയായിരുന്നു സ്വിസിന്റെ ലക്ഷ്യം. പക്ഷേ, എട്ടാം മിനിറ്റിൽതന്നെ അവരുടെ തന്ത്രം പൊളിഞ്ഞു. വലതുഭാഗത്ത് നിന്ന് കോകെ തൊടുത്ത കോർണർ ആൽബയിലേക്ക് നീങ്ങുന്നത് സ്വിസ് പ്രതിരോധം കാര്യമായി കണ്ടില്ല. ആൽബയുടെ ഷോട്ട് തടയാനുള്ള ഡെനിസ് സക്കറിയയുടെ ശ്രമം പാളി. കാലിൽ തട്ടി സ്വന്തം വലയിലേക്ക്.
ഗോൾ വഴങ്ങിയെങ്കിലും സ്വിസ് പൊരുതാൻ ശ്രമിച്ചു. 68–-ാം മിനിറ്റിൽ ഷക്കീരി സമനില ഗോളടിച്ചു. മൊറേനോയെ ചവുട്ടിയിട്ട സ്വിസ് താരം ഫ്ര്യൂളർക്കുനേരെ റഫറി ചുവപ്പുകാർഡ് വീശി. പത്ത് പേരായി ചുരുങ്ങിയിട്ടും സ്വിസ് വിട്ടുകൊടുത്തില്ല. കളി അധികസമയത്തേക്ക് നീണ്ടു. പിന്നെ ഷൂട്ടൗട്ടിലേക്കും.