മ്യൂണിക്ക്
പൊരുതിക്കളിച്ച ബൽജിയത്തെ ഒന്നിനെതിരെ രണ്ട് ഗോളിന് പരാജയപ്പെടുത്തി ഇറ്റലി യൂറോകപ്പ് ഫുട്ബോളിൽ സെമിയിൽ കടന്നു. നിക്കോളോ ബറെല്ലയും ലോറെൻസോ ഇൻസിന്യെയും ഗോളടിച്ചു. ബൽജിയത്തിന്റെ ആശ്വാസ ഗോൾ റൊമേലു ലുക്കാക്കു പെനൽറ്റിയിലൂടെ കണ്ടെത്തി. ചൊവ്വാഴ്ച രാത്രി 12.30ന് നടക്കുന്ന ആദ്യ സെമിയിൽ സ്പെയ്നാണ് എതിരാളി. തോൽക്കാതെ തുടർച്ചയായി 32 മത്സരങ്ങൾ ഇറ്റലി പൂർത്തിയാക്കി.
കളി തുടങ്ങി ഉടൻ ലിയനാർഡോ ബൊനൂച്ചി ഇറ്റലിക്കായി പന്ത് വലയിലെത്തിച്ചു. എന്നാൽ വാർ പരിശോധനയിൽ ഓഫ്സൈഡ് വിധിച്ചു. മറുപടിയായി കെവിൻ ഡി ബ്രയ്ൻ നടത്തിയ നീക്കം ഇറ്റാലിയൻ ഗോളി ദൊന്നരുമ്മ രക്ഷപ്പെടുത്തി. വൈകാതെ ഇറ്റലി ഗോളടിച്ചു, 31–-ാം മിനിറ്റിൽ. മാർകോ വെറാട്ടി നൽകിയ പന്ത് മൂന്ന് പ്രതിരോധക്കാരെ വെട്ടിയൊഴിഞ്ഞ് നിക്കൊളോ ബറെല്ല ലക്ഷ്യത്തിലെത്തിച്ചു.
സമനിലക്കായി ബൽജിയവും ലീഡുയർത്താൻ ഇറ്റലിയും പൊരുതി. 44–-ാം മിനിറ്റിൽ ഇറ്റലി ലീഡ് ഉയർത്തി. ബറെല്ലയുടെ പാസ്. ബോക്സിന് പുറത്തുനിന്നും ഇൻസിന്യെ തൊടുത്തത് വലയിലേക്ക് ഒഴുകിയിറങ്ങി. ബൽജിയം ഗോളി കുർടോ നിഷ്പ്രഭനായി. രണ്ട് ഗോളിന് പിറകിലായിട്ടും ബൽജിയം തളർന്നില്ല. അധ്വാനത്തിന് ഫലമുണ്ടായി. പരിക്കേറ്റ ഏദെൻ ഹസാർഡിന് പകരം ടീമിലെത്തിയ ജെറമി ഡോകുവിനെ ലൊറൻസോ ബോക്സിൽ വീഴ്ത്തി. റഫറിയുടെ പെനൽറ്റി വിസിൽ വാറും അംഗീകരിച്ചു. ഇടവേളക്ക് പിരിയാനിരിക്കെ ലുക്കാക്കു പെനൽറ്റി അനായാസം ഗോളാക്കി.
രണ്ടാം പകുതിയിൽ ബൽജിയം സമ്മർദം ശക്തമാക്കി. പകരക്കാരനായി എത്തി നിറഞ്ഞുകളിച്ച പത്തൊമ്പതുകാരൻ ഡോകു അവസരങ്ങൾ സൃഷ്ടിച്ചു. ഡോകുവും ഡി ബ്രയ്നും ചേർന്ന് നടത്തിയ നീക്കം ലുക്കാക്കു തൊടുത്തതാണ്. ഗോളി ഇല്ലാതിരുന്നിട്ടും പന്ത് ഇറ്റാലിയൻ താരം സ്പിനസോളയുടെ ദേഹത്തുതട്ടി പുറത്തുപോയി. തൊട്ടുപിന്നാലെ ലുക്കാക്കുവും അവസരം പാഴാക്കി. ഇന്ന് ക്വാർട്ടറിൽ ചെക്ക് റിപ്പബ്ലിക് ഡെൻമാർക്കിനേയും ഇംഗ്ലണ്ട് ഉക്രെയ്നേയും നേരിടും.