ഇസ്ലാമാബാദ്
ഉയ്ഗർ മുസ്ലിങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിൽ ചൈന പറയുന്നതിനാണ് വിശ്വാസ്യതയെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ചൈനീസ് കമ്യൂണിസ്റ്റ് പാർടിയുടെ നൂറാം വാർഷികത്തോട് അനുബന്ധിച്ച് ചൈനീസ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ചൈന ഉയ്ഗർ മുസ്ലിങ്ങളുടെ മനുഷ്യാവകാശം ലംഘിക്കുന്നതായി അമേരിക്കയും ചില സഖ്യരാജ്യങ്ങളും ആരോപിച്ചിരുന്നു. എന്നാൽ, ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെ ഗുരുതര മനുഷ്യാവകാശ പ്രശ്നങ്ങളിൽ മൗനം പാലിക്കുന്ന പാശ്ചാത്യ മാധ്യമങ്ങൾ ചൈനയിലെ വിഷയം പർവതീകരിക്കുകയാണെന്ന് ഇമ്രാൻ പറഞ്ഞു. പാകിസ്ഥാനുമായി അടുത്തുകിടക്കുന്നതും അടുത്ത ബന്ധം പുലർത്തുന്നതുമായ രാജ്യമാണ് ചൈന. വിഷയത്തിൽ ചൈനയുടെ വിശദീകരണത്തിനാണ് കൂടുതൽ വിശ്വാസ്യത. പാശ്ചാത്യ ജനാധിപത്യത്തിന് വിജയകരമായ ബദലാണ് സിപിസി ഉയർത്തിയതെന്നും ഖാൻ പറഞ്ഞു.