ലണ്ടൻ
ന്യൂട്രോൺ നക്ഷത്രവും തമോഗർത്തവും കൂട്ടിയിടിച്ച് ഉണ്ടാകുന്ന ഗുരുത്വാകർഷണ തരംഗം കണ്ടെത്തി ശാസ്ത്രജ്ഞർ. മുമ്പും തമോഗർത്തങ്ങൾ തമ്മിലോ ന്യൂട്രോൺ നക്ഷത്രങ്ങൾ തമ്മിലോ കൂട്ടിയിടിച്ചുണ്ടാകുന്ന തരംഗം ഭൂമിയിലെ ഡിറ്റക്ടറുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ആദ്യമായാണ് തമോഗർത്തവും ന്യൂട്രോൺ നക്ഷത്രവും കൂട്ടിയിടിച്ചുണ്ടായ തരംഗം രേഖപ്പെടുത്തിയത്. 2015ൽ ആദ്യ ഗുരുത്വാകർഷണ തരംഗം അടയാളപ്പെടുത്തിയതുമുതൽ, ഇത്തരമൊരു പ്രതിഭാസം ശാസ്ത്രജ്ഞർ പ്രവചിച്ചിരുന്നു.
ലിഗോ സയന്റിഫിക് കൊളാബറേഷന്റെ ഭാഗമായ അമേരിക്കയിലെ ലൂയിസിയാനയിലെയും ഇറ്റലിയിലെയും അതിനൂതന ഡിറ്റക്ടറുകളിൽ ജനുവരി അഞ്ചിനാണ് തരംഗം ആദ്യം ലഭിച്ചത്. ദിവസങ്ങൾക്കുശേഷം ഇതേ ഡിറ്റക്ടറുകളിൽ മറ്റൊരു ന്യൂട്രോൺ നക്ഷത്രവും തമോഗർത്തവും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ തരംഗവും രേഖപ്പെടുത്തി. ന്യൂട്രോൺ നക്ഷത്രവും തമോഗർത്തവും ഉൾപ്പെടുന്ന ചെറുസമൂഹങ്ങൾ ഉണ്ടെന്നതിന് തെളിവാണിത്. ന്യൂട്രോൺ നക്ഷത്രങ്ങളുടെ ഘടനയുൾപ്പെടെ പഠിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം.