വട്ടവട > നമ്മുടെ നാട്ടിൽ വർഗീയത ഇല്ലാതാകുംവരെ എസ്എഫ്ഐ പോരാട്ടം തുടരുമെന്ന് അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു. അത് അഭിമന്യുവിന്റെ രക്തസാക്ഷിത്വത്തിന് തങ്ങൾ കൊടുക്കുന്ന ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. വട്ടവട കൊട്ടക്കാമ്പൂരിൽ നടന്ന രക്തസാക്ഷി ദിനാചരണത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഏറെ സ്വപ്നങ്ങളുള്ളവനായിരുന്നു അഭിമന്യു. അതിൽ ഓരോന്നായി അവന്റെ പ്രസ്ഥാനം സാക്ഷാൽക്കരിക്കുകയാണ്. എന്നാൽ, അഭിമന്യുവിന്റെ സ്വപ്നങ്ങൾ ഈ നാടിനെയും ജനങ്ങളെയും തങ്ങൾക്ക് ചുറ്റുമുള്ളതിനെയുമെല്ലാം ഉൾക്കൊള്ളുന്നതായിരുന്നു. അവന് വ്യക്തിപരമായ ആഗ്രഹങ്ങളില്ല്ലായിരുന്നു. അങ്ങനെ നാടിനും ജനങ്ങൾക്കും വേണ്ടി പ്രവർത്തിക്കണമെന്ന് ആഗ്രഹിച്ച ഒരു വ്യക്തിയെയാണ് എസ്ഡിപിഐ– ക്യാമ്പസ്ഫ്രണ്ട് കാപാലികർ അരുംകൊല ചെയ്തത്. ഈ വർഗീയസംഘടനകളെ വിദ്യാർഥികളുടെ ഹൃദയത്തിലേക്ക് കയറ്റില്ലെന്ന പ്രതിജ്ഞയാണ് കേരളം അന്നെടുത്തതെന്നും സാനു പറഞ്ഞു.