വട്ടവട > മൂന്നാണ്ടിനു മുമ്പ് മതതീവ്രവാദികളുടെ കഠാരമുനയ്ക്കിരയായ അഭിമന്യുവിന്റെ കനലോർമകളുടെ അടയാളമായി ബലികുടീരം. അഭിമന്യു അന്ത്യവിശ്രമംകൊള്ളുന്ന കൊട്ടക്കാമ്പൂരിൽ സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ സ്മൃതിമണ്ഡപം നാടിന് സമർപ്പിച്ചു. പുഷ്പാർച്ചനയും നടത്തി. ‘കണ്ണേ കരളേ അഭിമന്യു, ആര് പറഞ്ഞു മരിച്ചെന്ന്’ എന്ന മുദ്രാവാക്യത്താൽ മുഖരിതമായിരുന്നു അന്തരീക്ഷം. 750 ചതുരശ്ര അടി വിസ്തൃതിയിൽ 17 അടി ഉയരത്തിലുള്ള കുടീരം കേരളീയ വാസ്തുരീതിയിലാണ് നിർമിച്ചിരിക്കുന്നത്. പുഞ്ചിരിക്കുന്ന അഭിമന്യുവിന്റെ ചിത്രം മധ്യത്തിലുണ്ട്. ഉദിച്ചുയരുന്ന സൂര്യരശ്മികളെ അറിവിന്റെ പ്രതീകമാക്കി, അതിന് നടുവിലാണ് ആ ദീപ്തമായ മുഖം പതിപ്പിച്ചിരിക്കുന്നത്. പിന്നിൽ ‘വർഗീയത തുലയട്ടെ’ എന്ന മുദ്രാവാക്യവും രേഖപ്പെടുത്തിയിട്ടുണ്ട്. രക്തസാക്ഷിത്വദിനം വെള്ളപ്പുസ്തകത്തിൽ കറുത്ത ഏടായും മുന്നിൽ ചിത്രീകരിച്ചിരിക്കുന്നു.
ചിത്രം: വി കെ അഭിജിത്ത്
വട്ടവടയിലെ കൊട്ടക്കാമ്പൂർ എന്ന ഉൾഗ്രാമത്തിൽ പിറന്ന അഭിമന്യു പാർടിക്കൊപ്പം ജീവനുതുല്യം സ്നേഹിച്ചിരുന്ന മഹാരാജാസിലെ ചുവരിൽ ‘വർഗീയത തുലയട്ടെ’ എന്ന മുദ്രാവാക്യം എഴുതിയതിൽ പ്രകോപിതരായ ക്യാമ്പസ്ഫ്രണ്ട്–- എസ്ഡിപിഐ മതതീവ്രവാദികൾ അഭിമന്യുവിനെ അരുംകൊലചെയ്തത് 2018 ജൂൺ രണ്ടിനായിരുന്നു.
മൂന്നാം രക്തസാക്ഷിത്വ ദിനത്തിലാണ് സ്മൃതിമണ്ഡപം നിർമിച്ചത്. അഭിമന്യുവിന്റെ അച്ഛൻ മനോഹരനും അമ്മ ഭൂപതിയും എസ്എഫ്ഐ നേതാക്കളും വിങ്ങിപ്പൊട്ടുന്ന നൊമ്പരത്തോടെ ചടങ്ങിൽ പങ്കെടുത്തു. സംഘാടകസമിതി ചെയർമാൻ പി രാമരാജ് അധ്യക്ഷനായി. എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു അനുസ്മരണപ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡന്റ് വി എ വിനീഷ്, സെക്രട്ടറി കെ എം സച്ചിൻദേവ് എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ വി ശശി, അഡ്വ. എ രാജ എംഎൽഎ എന്നിവർ സംസാരിച്ചു.
ചിത്രം: വി കെ അഭിജിത്ത്
സംഘാടകസമിതി കൺവീനർ വി സിജിമോൻ സ്വാഗതവും എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡണ്ട് എം എസ് ശരത് നന്ദിയും പറഞ്ഞു. അഭിമന്യു രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് 10,000 വിദ്യാർഥികൾക്ക് പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം വി എ വിനീഷ് നിർവഹിച്ചു. അഭിമന്യു പഠിച്ച വട്ടവട ഗവ. എൽപി സ്കൂളിലെ കുട്ടികൾക്കായിരുന്നു ആദ്യ വിതരണം.