കോഴിക്കോട്> കോവിഡ് മരണങ്ങളുടെ മുഴുവൻ കണക്കും 10 ദിവസത്തിനകം സർക്കാർ പുറത്ത് വിടണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. ലോകാരോഗ്യ സംഘടനയുടെയും ഐസിഎംആറിന്റെയും മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചല്ല കോവിഡ് മരണംസ്ഥിരീകരിക്കുന്നത്.
നിരവധി ആളുകൾക്ക് കിട്ടേണ്ട ദുരിതാശ്വാസമാണ് ഇതിലൂടെ നഷ്ടമാകുന്നത്. വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചാൽ 10 ദിവസം കൊണ്ട് കണക്കുകൾ ലഭ്യമാക്കാം–-കലിക്കറ്റ് പ്രസ്ക്ലബ്ബിന്റെ മീറ്റ് ദ പ്രസിൽ പ്രതിപക്ഷ നേതാവ് പറഞ്ഞു.
മുട്ടിൽ മരം മുറി കേസ് മുൻ റവന്യൂ, വനം മന്ത്രിമാരെ പ്രതിചേർത്ത് അന്വേഷിക്കണം. ഇന്ധന വില വർധനയിൽസംസ്ഥാന സർക്കാർ സബ്സിഡി കൊടുത്ത് ജനങ്ങൾക്ക് ആശ്വാസം നൽകണം. വികസനത്തിലോ പരിസ്ഥിതി വാദത്തിലോ തീവ്ര നിലപാടുകൾ യുഡിഎഫ് പുലർത്തുന്നില്ല.
തുരങ്ക പാതയോ കെ റെയിലോ ആയാലും സുസ്ഥിര വികസനത്തിൽ കേന്ദ്രീകരിച്ച നിലപാടുകളുമായി മുന്നോട്ടുപോകുമെന്നും സതീശൻ പറഞ്ഞു.