കോഴിക്കോട്> അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജിയെ വിജിലൻസ് വീണ്ടും ചോദ്യം ചെയ്യും.കണ്ണൂരിലെ വീട് കൂടി അളന്നശേഷമാകും ചോദ്യംചെയ്യൽ.
ഷാജിയുടെ കോഴിക്കോട്ടെ ആഡംബര വീട് കഴിഞ്ഞ ദിവസം അളന്നിരുന്നു. ഇതിൽ ക്രമക്കേട് കണ്ടെത്തിയതായാണ് വിവരം.
കോഴിക്കോട് മാലൂർകുന്നിലെ ആഡംബര വീട് പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് അളന്ന് തിട്ടപ്പെടുത്തിയത്. തുടർന്നാണ് കണ്ണൂർ ചാലാടെ വീടും അളക്കാനുള്ള തീരുമാനം. മുമ്പ് പരിശോധനയിൽ കണ്ണൂരിലെ വീട്ടിൽ നിന്ന് കണ്ടെടുത്ത അനധികൃത പണത്തിന്റെ ഉറവിടം സംബന്ധിച്ചും വിജിലൻസ് അന്വേഷണത്തിലാണ്.
പണം തെരഞ്ഞെടുപ്പിന് സമാഹരിച്ച ഫണ്ടാണെന്നായിരുന്നു ഷാജി അവകാശപ്പെട്ടത്. മണ്ഡലം കമ്മിറ്റിയാണ് ഫണ്ട് പിരിക്കാൻ തീരുമാനിച്ചതെന്നു മൊഴി നൽകി.
തെരഞ്ഞെടുപ്പ് ചെലവിനായി സാധാരണക്കാരിൽ നിന്ന് പിരിച്ചതുകയാണ് തന്റെ വീട്ടിൽ നിന്ന് വിജിലൻസ് പിടികൂടിയ 47 ലക്ഷം രൂപയെന്ന് മാധ്യമങ്ങളോടും ഷാജി പറഞ്ഞിരുന്നു. എന്നാൽ വിജലൻസിന് നൽകിയ കൗണ്ടർ ഫോയിലുകളുടെ വിശ്വാസ്യതയിൽ സംശയമുണ്ട്.
ഷാജിയുടെ മൊഴിയും അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളും തമ്മിലും പൊരുത്തക്കേടുകളുണ്ടെന്നാണ് സൂചന. ഈ വസ്തുതകളുടെയെല്ലാം അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യംചെയ്യുക.