കൊച്ചി > യുഎഇ കോൺസുലേറ്റിന്റെ നയതന്ത്ര ബാഗേജിൽ തിരുവനന്തപുരം വിമാനത്താവളം വഴി കടത്തിയ 30 കിലോ സ്വർണ്ണം കസ്റ്റംസ് പിടികൂടിയിട്ട് ജൂലൈ അഞ്ചിന് ഒരുവർഷം തികയുന്നു. നികുതിവെട്ടിപ്പ് മുതൽ കള്ളപ്പണ ഇടപാടും അന്താരാഷ്ട്ര തീവ്രവാദബന്ധവും വരെ വിഷയമാക്കി ഒരേസമയം അന്വേഷണത്തിനിറങ്ങിയത് അഞ്ച് കേന്ദ്ര ഏജൻസികൾ.
നാളിതുവരെ 53 പ്രതികൾ പിടിയിലായെങ്കിലും വിദേശത്തുനിന്ന് സ്വർണ്ണം കയറ്റി അയച്ചവരും കള്ളക്കടത്തിന് ചുക്കാൻ പിടിച്ച യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥരും എവിടെ എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല. അന്താരാഷ്ട്ര തീവ്രവാദ ബന്ധം ആരോപിച്ച കേസിൽ അതിനുള്ള തെളിവെവിടെ എന്ന കോടതിയുടെ ചോദ്യവും ഉത്തരം കിട്ടാതെ മുഴങ്ങുന്നു. കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് നാണക്കേടിന്റെ ഒരുവർഷം സമ്മാനിച്ച കേസിന്റെ ബാക്കിപത്രം ഇതാണെങ്കിലും രാഷ്ട്രീയ കേരളത്തിൽ സ്വർണ്ണക്കടത്ത് കേസുണ്ടാക്കിയ കോളിളക്കം ചില്ലറയല്ല.
2020 ജൂൺ 30ന് തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിന്റെ മേൽവിലാസത്തിൽ കസ്റ്റംസ് കാർഗോ കോംപ്ലക്സിൽ എത്തി ബാഗേജ് രഹസ്യ വിവരത്തെ തുടർന്നാണ് കസ്റ്റംസ് തടഞ്ഞുവച്ചത്. ജൂലൈ അഞ്ചിന് ബാഗേജ് തുറന്നു പരിശോധിച്ചതോടെ കസ്റ്റംസ് കേസിന് തുടക്കമായി. കോൺസുലേറ്റിലെ മുൻ പിആർഒ പി എസ് സരിത്താണ് ആദ്യം അറസ്റ്റിലായത്. സംസ്ഥാന സർക്കാരിന്റെ ആവശ്യപ്രകാരം കേന്ദ്രനിർദ്ദേശത്തോടെ ജൂലൈ 10ന് എൻഐഎ കേസെടുത്തു. രണ്ടും നാലും പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ബംഗളൂരുവിൽ നിന്ന് എൻഐഎ പിടികൂടി. പ്രതികളുടെ കള്ളപ്പണ ഇടപാട് അന്വേഷണത്തിന് ഇഡിയും കേസ് രജിസ്റ്റർ ചെയ്തു. കസ്റ്റം ഇതിനിടെ കേസുമായി ബന്ധമുള്ള പത്തോളം പേരെ അറസ്റ്റുചെയ്തിരുന്നു. നിരവധി കേസുകളിൽ പ്രതിയായ കെ ടി റമീസ്, വിദേശത്തുള്ള മുഖ്യപ്രതിയെന്ന് കരുതുന്ന ഫൈസൽ ഫരീദിന്റെ കൂട്ടാളി റബിൻസ്, സ്വർണ്ണക്കടത്തിന് പണം സമാഹരിച്ച് നൽകിയവരും കള്ളക്കടത്ത് സ്വർണ്ണം വാങ്ങിവരും ഉൾപ്പെടെ പ്രതികളും പിന്നീട് അറസ്റ്റിലായി. കള്ളക്കടത്തിൽ കോൺസുലേറ്റ് ജനറലിനും അറ്റാഷെക്കുമുള്ള പങ്ക് പ്രതികൾ വെളിപ്പെടുത്തിയിരുന്നു. എന്നിട്ടും ആദ്യഘട്ടത്തിൽ അവരെ കേസിൽ പ്രതിചേർത്തില്ല. ഇതിനിടെ അവർ രാജ്യംവിട്ടുപോകുകയുംചെയ്തു.
സ്വപ്നക്ക് ഐടി സെക്രട്ടറി എം ശിവശങ്കറുമായുള്ള ബന്ധം ചികിഞ്ഞ് കേസന്വേഷണം സംസ്ഥാനസർക്കാരിലേക്ക് എത്തിക്കാനായിരുന്നു ശ്രമം. നൂറുമണിക്കൂറിലേറെ ചോദ്യംചെയ്തിട്ടും തെളിവുകളുടെ അഭാവത്തിൽ ശിവശങ്കർ എൻഐഎ കേസിൽ പ്രതിപോലുമായില്ല. ഖുറാൻ വിതരണത്തിന്റെ മറവിൽ സ്വർണ്ണം കടത്തിയെന്ന ആരോപണത്തിന്റെ പേരിൽ മന്ത്രിയായിരുന്ന കെ ടി ജലീലിനെയും പ്രതികളിലൊരാളുടെ വെളിപ്പെടുത്തലിന്റെ പേരിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എൻ രവീന്ദ്രനെയും ചോദ്യംചെയ്തു. അതുകൊണ്ടും ഫലമുണ്ടായില്ല. ലൈഫ് മിഷൻ, കെ ഫോൺ പദ്ധതികളെ വിവാദത്തിലാക്കാനും ശ്രമമുണ്ടായി.
കോടതികളിൽ നിന്ന് അന്വേഷണ ഏജൻസികൾക്കെതിരെ പലകുറി കടുത്ത പരാമർശവുമുണ്ടായി. യുഎപിഎ പോലുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയതിന് തെളിവെവിടെ എന്ന ചോദ്യം കോടതി ആവർത്തിച്ചു. അതോടെ എൻഐഎ കേസിൽ ഉൾപ്പെടെ പ്രധാനപ്രതികൾ മാപ്പുസാക്ഷികളായി.
തെളിവുകളുടെ അഭാവത്തിൽ കുറ്റപത്രം വൈകിയപ്പോൾ കസ്റ്റംസ് കേസിൽ ഭൂരിഭാഗം പ്രതികളും ജാമ്യത്തിലിറങ്ങി. കേസന്വേഷണമാരംഭിച്ചിട്ട് ഒരുവർഷമാകുമ്പോൾ പ്രധാനപ്രതി ഫൈസൽ ഫരീദ് എവിടെയുണ്ടെന്ന കോടതിയുടെ ചോദ്യത്തിന് മറുപടി പറയാൻ എൻഐഎക്കായിട്ടില്ല. രാജ്യംവിട്ടുപോയ കോൺസൽ ജനറലിനെയും അറ്റാഷെയെയും ചോദ്യം ചെയ്യാനുള്ള നോട്ടീസ് അയച്ച് കാത്തിരിക്കുകയാണ് കസ്റ്റംസ്. പ്രതികളെ ഭീഷണിപ്പെടുത്തി മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ തെളിവുണ്ടാക്കാൻ ശ്രമിച്ചതിന് ജുഡീഷ്യൽ അന്വേഷണം നേരിടുകയാണ് ഇഡി.