ന്യൂഡൽഹി> സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവ് ശശി തരൂർ എംപിക്ക് മേൽ കുറ്റം ചുമത്തണോ എന്നതിൽ ഡൽഹി കോടതി വിധി പറയുന്നത് നീട്ടി. ഡൽഹി റോസ് അവന്യു കോടതിയാണ് വിധി പറയുക. കേസിൽ തരൂരിനെതിരെ ആത്മഹത്യ പ്രേരണയ്ക്കോ കൊലപാതകത്തിനോ കുറ്റം ചുമത്തണമെന്നാണ് പൊലീസ് ആവശ്യം.
തനിക്കെതിരെ തെളിവുകൾ ഇല്ലെന്നാണ് ശശി തരൂരിന്റെ വാദം. സുനന്ദയുടെ മരണം ആത്മഹത്യയായിട്ടോ, നരഹത്യയായിട്ടോ കാണാനാകില്ല. അപകട മരണമായിട്ടാണ് കണക്കാക്കേണ്ടതെന്ന് ശശി തരൂരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വികാസ് പഹ്വ കോടതിയെ അറിയിച്ചു. 2014 ജനുവരി !14ന് ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടൽ മുറിയിൽ സുനന്ദയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.