കോഴിക്കോട്: ലോക്ക്ഡൗൺ കാലം ജീവിതം ലോക്കായി പോയവരിൽ ഏറ്റവും വിഷമം അനുഭവിക്കുന്നവരായിരുന്നു ലോട്ടറി തൊഴിലാളികൾ. കോഴിക്കോട് ചെറൂട്ടി റോഡിൽ ലോട്ടറി വിൽക്കുന്ന 76 വയസ്സുകാരൻ പ്രഭുവിനെ മാതൃഭൂമി ഡോട് കോം കണ്ടെത്തിയത് ഏറെ വിഷമത്തോടെയായിരുന്നു.
ഒറ്റമുറി വീട്ടിൽ ഭക്ഷണത്തിന് പോലും വകയില്ലാതെ ജീവിക്കുന്ന പ്രഭുവിന്റെ വാർത്തപുറത്തു വന്നതോടെ നിരവധി പേരാണ് സഹായിക്കാനെത്തിയത്.
ചെറൂട്ടി റോഡിൽ തന്നെയുള്ള ഹോട്ടലിൽനിന്ന് രണ്ട് നേരവും സൗജന്യമായി ഭക്ഷണം ഏർപ്പാടാക്കി നൽകിയിട്ടുണ്ട് പേര് വെളിപ്പെടുത്താൻ താൽപര്യമില്ലാത്ത മനുഷ്യസ്നേഹി. പലരും ചെറുതും വലുതുമായ പണമായും സഹായിച്ചു. വീഡിയോ സ്റ്റോറി കണ്ട് യു.എസിൽനിന്നുള്ള മറ്റൊരാൾ പതിനായിരം രൂപ കഴിഞ്ഞ ദിവസം അയച്ചു തന്നുവെന്നും പ്രഭു പറഞ്ഞു.
ചെറൂട്ടി റോഡിനടുത്ത ഒരു വീടിന് പുറത്തുള്ള ഒറ്റമുറി മുറിയിലായിരുന്നു അയ്യായിരം രൂപ മാസ വാടകയ്ക്ക് പ്രഭു താമസിച്ച് വന്നത്. ലോട്ടറി കച്ചവടം നിന്നതോടെ വാടക നൽകാനും ഭക്ഷണം കഴിക്കാനും നിവിർത്തിയില്ലാതായി പോയിരുന്നു. ഭാര്യയും മക്കളുമൊന്നുമില്ലാത്ത പ്രഭുവിന്റെ ഏക ആശ്രയമായിരുന്നു ലോട്ടറി കച്ചവടം. ഭാഗികമായി ലോട്ടറി കച്ചവടം പുന:രാരംഭിച്ചെങ്കിലും ജീവിതം ഇനിയും തിരിച്ച് പിടിക്കാനായിട്ടില്ല പ്രഭുവിനെ പോലുള്ളവർക്ക്.