കോഴിക്കോട്
താടിയും നീട്ടിയ മുടിയും തലയിൽ കറുത്ത ബാൻഡുമണിഞ്ഞ് മധ്യനിരയിൽ നിറഞ്ഞൊഴുകിയ കോഴിക്കോടിന്റെ പ്രസന്നഭാവം ഇനിയില്ല. അതിമനോഹരമായി മിഡ്ഫീൽഡിൽ കളി നിയന്ത്രിച്ചിരുന്ന എം പ്രസന്നൻ എഴുപതുകളുടെ ഹരമായിരുന്നു. 1973ൽ കോലാലംപൂരിൽ നടന്ന മെർദേക്ക കപ്പിനുള്ള ഇന്ത്യൻ ഫുട്ബോൾ ടീമിലുണ്ടായിരുന്നു.
പന്തു തട്ടി തുടങ്ങിയത് കോഴിക്കോട് സെന്റ് ജോസഫ്സ് സ്കൂളിൽ പഠിക്കുമ്പോഴാണ്. 1963ൽ ജില്ലാ സ്കൂൾ ടീമിന്റെ ക്യാപ്റ്റനായി. എക്സലന്റ് സ്പോർട്സ് ക്ലബ്, യങ് ജംസ്, യങ് ചാലഞ്ചേഴ്സ് തുടങ്ങിയ അന്നത്തെ കോഴിക്കോടൻ ടീമുകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. കേരള ജൂനിയർ ടീമിലും സീനിയർ ടീമിലും കളിച്ചു.
പ്രസന്നന്റെ കളിമികവ് കണ്ട ഗോവൻ ക്ലബ് ഡെംപോ 1970ൽ താരത്തെ റാഞ്ചി. പ്രധാന ടൂർണമെന്റുകളിൽ ഡെംപോ നിരയിൽ തിളങ്ങിയതോടെ ദേശീയ ടീമിലേക്ക് ക്ഷണമെത്തി. ചാത്തുണ്ണി, കെ പി സേതുമാധവൻ, ഇ എൻ സുധീർ എന്നിവരും മലയാളികളായി ഇന്ത്യൻ ടീമിലുണ്ടായിരുന്നു. കൊൽക്കത്തയിൽ വമ്പൻ ക്ലബുകൾക്കൊന്നും പിടികൊടുക്കാതെ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ ടീമിൽ ചേക്കേറി. ദേശീയ ടൂർണമെന്റുകളിൽ ബാങ്ക് ടീമിനെ നയിച്ചു. ഇതിനിടയിൽ ഗോവയ്ക്കും മഹാരാഷ്ട്രയ്ക്കുംവേണ്ടി സന്തോഷ് ട്രോഫിയും കളിച്ചു. എൻഐഎസിൽനിന്ന് പരിശീലനത്തിൽ ഡിപ്ലോമ നേടിയശേഷം മഹാരാഷ്ട്ര സന്തോഷ് ട്രോഫി ടീമിന്റെ കോച്ചായി. ആ വർഷം മഹാരാഷ്ട്ര റണ്ണറപ്പായി.
കളിക്കളത്തിനകത്ത് എതിരാളികളെ വിറപ്പിക്കുന്ന പ്രസന്നൻ എക്കാലത്തും ഹൃദ്യമായ പെരുമാറ്റമായിരുന്നെന്ന് മുൻ ഇന്ത്യൻ താരം പ്രേംനാഥ് ഫിലിപ് ഓർമിക്കുന്നു. ഇന്നത്തെപ്പോലെ പരിശീലനമോ കോച്ചിങ് ക്യാമ്പുകളോ ഇല്ലാത്ത കാലത്ത് കോഴിക്കോട്ടെ കളിയരങ്ങുകളിൽനിന്ന് ഉയർന്നുവന്ന താരമായിരുന്നു പ്രസന്നനെന്ന് മുൻ ഇന്ത്യൻ ഗോൾകീപ്പർ കെ പി സേതുമാധവൻ ഓർക്കുന്നു. അസാധ്യമായ പാസുകളും പന്തു നിയന്ത്രണവുമായിരുന്നു സവിശേഷത. സ്കൂൾ ടീംമുതൽ ഇന്ത്യൻ ടീംവരെ ഒരുമിച്ചുകളിച്ചെന്ന് സേതുമാധവൻ പറഞ്ഞു. പ്രസന്നന്റെ കാലിൽ പന്തു കിട്ടിയാൽ അപകടമാണെന്ന് ഇന്ത്യൻ ഗോൾകീപ്പറായിരുന്ന വിക്ടർ മഞ്ഞില അനുസ്മരിച്ചു.