റിയോ
കോപ നിലനിർത്താൻ നെയ്മറും പടയാളികളും ഇറങ്ങുന്നു. ക്വാർട്ടറിൽ മുൻ ചാമ്പ്യൻമാരായ ചിലിയാണ് ബ്രസീലിന്റെ എതിരാളി. നാളെ പുലർച്ചെയാണ് മത്സരം. പെറു–-പരാഗ്വേ പോരും നാളെ അരങ്ങേറും. നാട്ടിൽ തുടർച്ചയായ രണ്ടാംകിരീടമാണ് ടിറ്റെയുടെ ബ്രസീൽ മോഹിക്കുന്നത്. ഇതിനെ ന്യായീകരിക്കുന്ന പ്രകടനമായിരുന്നു ഗ്രൂപ്പ് ഘട്ടത്തിൽ. നാലിൽ മൂന്നും ജയിച്ച് ചാമ്പ്യൻമാരായാണ് ക്വാർട്ടറിലേക്ക് എത്തിയത്. അവസാന കളിയിൽ ഇക്വഡോറിനോട് സമനില വഴങ്ങി. പത്ത് ഗോളടിച്ചപ്പോൾ വഴങ്ങിയത് കേവലം രണ്ടെണ്ണം മാത്രം. മൂന്ന് കളിയിൽ രണ്ട് വീതം ഗോളും അവസരവും ഒരുക്കി നെയ്മറാണ് ബ്രസീലിന്റെ കുതിപ്പിന് ഇന്ധനമായത്. അനങ്ങാത്ത പ്രതിരോധവും മധ്യനിരയിലെ ഇണക്കവും ടിറ്റെയുടെ ടീമിനെ ഈ കോപ കണ്ട മികച്ച സംഘമാക്കുന്നു.
ഇക്വഡോറിനെതിരെ നെയ്മർ ഉൾപ്പെടെ പ്രധാന താരങ്ങൾക്ക് വിശ്രമം അനുവദിച്ചിരുന്നു. ചിലിക്കെതിരെ എല്ലാവരും മടങ്ങിയെത്തും. തിയാഗോ സിൽവ, മാർകീന്വോസ് എന്നിവർ പ്രതിരോധം കാക്കും. കാസെമിറോ, ഫ്രെഡ്, ലൂക്കാസ് പക്വേറ്റ ത്രയം കളി നിയന്ത്രിക്കും. നെയ്മറിനൊപ്പം റിച്ചാർലിസണും ഗബ്രിയേൽ ജെസ്യൂസും ആക്രമണം നയിക്കും. ഡാനിലോയും അലെക്സ് സാൻഡ്രോയും ഇരുമൂലകളിലും അണിനിരക്കും.
പഴയ ചിലിയെ അല്ല ഈ കോപ കണ്ടത്. ഗ്രൂപ്പ് ഘട്ടത്തിൽ ഇഴഞ്ഞാണ് അവസാന എട്ടിൽ എത്തിയത്. കളിച്ച നാലിൽ ഒന്നിൽ മാത്രമാണ് ജയിക്കാനായത്. നാലാംസ്ഥാനക്കാരായാണ് മുന്നേറിയത്. പഴയ വേഗവും ഒരുമയും നഷ്ടപ്പെട്ടാണ് മാർടിൻ ലസാർടെയുടെ ടീം എത്തുന്നത്. പരിക്കേറ്റ് അലെക്സിസ് സാഞ്ചെസ് മടങ്ങിയത് അവർക്ക് തിരിച്ചടിയായി. അർട്യൂറോ വിദാലും എഡ്വേർേഡോ വർഗാസും പഴയ പ്രതാപത്തിലല്ല. പ്രാഥമിക ഘട്ടത്തിലെ മരവിപ്പ് മാറാതെ കളത്തിൽ എത്തിയാൽ റിയോയിൽ അൽഭുതങ്ങൾ കാട്ടാൻ ചിലിക്കാകില്ല.