സെന്റ് പീറ്റേഴ്സ്ബർഗ്
ലോക ചാമ്പ്യൻമാരായ ഫ്രാൻസിനെ അട്ടിമറിച്ചെത്തിയ സ്വിറ്റ്സർലൻഡിനുമുന്നിൽ ഇന്ന് സ്പെയ്ൻ. യൂറോയിലെ ആദ്യ ക്വാർട്ടറിലാണ് സ്വിസും സ്പെയ്നും മുഖാമുഖമെത്തുന്നത്. പ്രീ ക്വാർട്ടറിൽ ഏറ്റവും ആവേശകരമായ പോരാട്ടങ്ങളായിരുന്നു സ്പെയ്നും സ്വിസും നടത്തിയത്. സ്പെയ്ൻ അധികസമയക്കളിയിൽ ക്രൊയേഷ്യയെ വീഴ്ത്തിയപ്പോൾ സ്വിസ് ഷൂട്ടൗട്ടിൽ ഫ്രഞ്ചുകാരെ തകർത്തു. 80–-ാംമിനിറ്റിൽ 1–-3നുപിന്നിൽ നിൽക്കെയായിരുന്നു സ്വിസിന്റെ അവിസ്മരണീയ തിരിച്ചുവരവ്. 1938 ലോകകപ്പിനുശേഷം ആദ്യമായാണ് സ്വിസ് ഒരു പ്രധാന ടൂർണമെന്റിൽ നോക്കൗട്ട് മത്സരം ജയിക്കുന്നത്. ആദ്യറൗണ്ടിൽ ഇറ്റലിയോട് മൂന്ന് ഗോളിന് തോറ്റ സംഘമായിരുന്നു വ്ലാദിമിർ പെട്കോവിച്ചിന്റേത്. തോൽവിയിൽ പരിശീലകൻ ആരാധകരോട് മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു.
ഗോളടിക്കാനറിയാത്തവർ എന്നായിരുന്നു സ്പാനിഷ് ടീമിനെതിരെ തുടക്കത്തിലുണ്ടായിരുന്ന ആരോപണം. സ്വീഡനോടും പോളണ്ടിനോടും സമനിലയിൽ കുരുങ്ങിയ ടീം ഒരു ഘട്ടത്തിൽ പുറത്താകുമെന്ന അവസ്ഥയിലായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന കളിയിൽ സ്ലൊവാക്യയ്ക്കെതിരെ സ്പെയ്ൻ സ്വരൂപം പുറത്തെടുത്തു. അഞ്ച് ഗോൾ തൊടുത്തു.
പ്രീ ക്വാർട്ടറിൽ ക്രൊയേഷ്യയോട് ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമാണ് സ്പെയ്ൻ തിരിച്ചെത്തിയത്. പരിശീലകൻ ലൂയിസ് എൻറിക്വെയുടെ കീഴിൽ സ്പാനിഷ് സംഘം കിരീടത്തിലേക്കാണ് ലക്ഷ്യമിടുന്നത്. പോരാട്ടവീര്യമാണ് സ്വിസിന്റെ ശക്തി. എംബോളോ, സെഫെറോവിച്ച്, ഷെർദാൻ ഷക്കീരി എന്നിവരടങ്ങിയ മുന്നേറ്റവും റോഡ്രിഗസ്, എൽവെദി തുടങ്ങിയവർ ഉൾപ്പെട്ട പ്രതിരോധവും മികച്ചതാണ്. ഷൂട്ടൗട്ടിൽ ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയുടെ കിക്ക് തട്ടിയകറ്റിയ ഗോൾ കീപ്പർ യാൻ സോമ്മെറും സ്പെയ്നിന് വെല്ലുവിളി ഉയർത്തും. അതേസമയം, ക്യാപ്റ്റൻ ഗ്രാനിത് ഷാക്കയുടെ വിലക്ക് സ്വിസ് ടീമിന് തിരിച്ചടിയാണ്.
മറുവശത്ത്, അൽവാരോ മൊറാട്ടയാണ് സ്പെയ്നിന്റെ കുന്തമുന. പ്രീ ക്വാർട്ടറിൽ ക്രൊയേഷ്യക്കെതിരെ അധികസമയത്ത് സ്പെയ്നിന് ലീഡൊരുക്കിയത് മൊറാട്ടയാണ്. സെർജിയോ ബുസ്ക്വെറ്റ്സ്, ജോർഡി ആൽബ എന്നിവർക്കൊപ്പം പെഡ്രി, ഫെറാൻ ടോറെസ്, പബ്ലോ സറാബിയ തുടങ്ങിയ യുവതാരങ്ങളും സ്പെയ്നിന് പ്രതീക്ഷ നൽകുന്നു.
ടീം: സ്പെയ്ൻ–- ഉനായ് സിമോൺ; അസ്പ്ലിക്യൂട്ട, എറിക് ഗാർസിയ, ലപോർട്ടെ, ജോർഡി ആൽബ; കോകെ, സറാബിയ, ബുസ്ക്വെറ്റ്സ്, പെഡ്രി; മൊറാട്ട, ഫെറാൻ ടോറെസ്.
സ്വിസ്–- സോമ്മെർ; അക്കാഞ്ഞി, എൽവെദി, റോഡ്രിഗസ്; വിദ്മെർ, ഫ്ര്യൂളർ, സക്കറിയ, സ്യൂബർ; ഷക്കീരി, എംബോളോ, സെഫെറോവിച്ച്.