തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിബി മാത്യൂസിന്റെ മുൻകൂർജാമ്യാപേക്ഷയെ എതിർത്ത് നമ്പി നാരായണൻ. തിരുവനന്തപുരം ജില്ലാ കോടതിയിലെ സിബി മാത്യൂസിന്റെ ജാമ്യഹർജിയിൽ നമ്പി നാരായണനും കക്ഷി ചേർന്നു. ചാര കേസിൽ ഇടപ്പെട്ടതും തന്നെ കൂടുതൽ ഉപദ്രവിച്ചതും സിബി മാത്യൂസാണെന്ന് നമ്പി നാരായണൻ കോടതിയിൽ ആരോപിച്ചു. ഹർജി കോടതി ഈ മാസം ഏഴിന് പരിഗണിക്കാൻ മാറ്റിവെച്ചു.
ഗൂഢാലോചന സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി സിബിഐ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേസിൽ നാലാം പ്രതിയായി ചേർക്കപ്പെട്ട സിബി മാത്യൂസ് തിരുവനന്തപുരം ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഇടക്കാല ജാമ്യം അനുവദിക്കുകയും ചെയ്തു. ഇതിനിടയിലാണ് സിബി മാത്യൂസിന്റെ ജാമ്യത്തെ എതിർത്തുകൊണ്ട് ഇന്ന് നമ്പി നാരായണൻ ഹർജി സമർപ്പിച്ചത്.
ഐഎസ്ആർഒ ചാരക്കേസിൽ തന്നെ പ്രതിചേർക്കുന്നതിലും ഉപദ്രവിക്കുന്നതിലും മുൻനിരയിൽ നിന്ന ആളാണ് സിബി മാത്യൂസെന്നും ഗൂഢാലോചനയിൽ ഇയാൾക്ക് വ്യക്തമായ പങ്കുണ്ടെന്നും നമ്പി നാരായണൻ ചൂണ്ടിക്കാട്ടി. മുൻകൂർ ജാമ്യം നൽകുമ്പോൾ തന്റെ ഭാഗം കൂടി കേൾക്കണമെന്നും അദ്ദേഹം ഹർജിയിൽ ആവശ്യപ്പെട്ടു.