കൊവിഡ് മൂലമുള്ള എല്ലാ മരണങ്ങളും പുനഃപരിശോധിക്കുമെന്ന പ്രഖ്യാപനമാണ് സംസ്ഥാന സർക്കാരിൻ്റെ ഭാഗത്ത് നിന്നുമുണ്ടാകേണ്ടത്. കൊവിഡിൻ്റെ അന്തരഫലമായി ഉണ്ടാകുന്ന ന്യൂമോണിയ പോലുള്ള രോഗങ്ങൾ ബാധിച്ച് മരണം സംഭവിച്ചാലും കൊവിഡ് മരണമായി സംസ്ഥാന സർക്കാർ പരിഗണിക്കുന്നില്ല എന്നതാണ് പ്രശ്നം. ഐസിഎംആറിൻ്റെയും ലോകാരോഗ്യസംഘടനയുടെയും മാനദണ്ഡ പ്രകാരമാണ് രേഖപ്പെടുത്തുന്നതെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.
ചികിത്സയിൽ കഴിയുന്ന രോഗികളെ കൃത്യമായ ഇളവേളകളിൽ കൊവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവായി രേഖപ്പെടുത്തുകയാണ് കേരളം ചെയ്യുന്നത്. ഇങ്ങനെയൊരു ടെസ്റ്റ് നടത്തണമെന്ന് ഐസിഎംആറോ ലോകാരോഗ്യ സംഘടനയോ നിർദേശിക്കുന്നില്ലെന്നും കെപിസിസി പ്രസിഡൻ്റ് പറഞ്ഞു.
കൊവിഡ് മൂലമുണ്ടായ മരണങ്ങൾ കൊവിഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയാൽ മാത്രമേ അർഹരായ എല്ലാവർക്കും ധനസഹായം ലഭിക്കൂ. ഇതിനുള്ള നടപടിയാണ് സർക്കാരിൻ്റെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടത്. കൊവിഡ് മരണനിരക്കിലും രോഗികളുടെ എണ്ണത്തിലും കൊവിഡ് പോസിറ്റിവിറ്റി നിരക്കിലും മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളം ദയനീമായ അവസ്ഥയിലാണ്. കേരളത്തിൽ 25,000 കൊവിഡ് മരണമെങ്കിലും നടന്നിട്ടുണ്ടാകുമെന്നാണ് യു എസിലെ യൂണിവേഴ്സിറ്റി ഓഫ് വാഷിങ്ടണിലെ ആരോഗ്യവിഭാഗമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാലുവേഷൻ പറയുന്നത്. എന്നാൽ സംസ്ഥാന സർക്കാരിൻ്റെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 13,235 പേർ മാത്രമാണ് മരിച്ചതെന്നാണെന്നും സുധാകരൻ കുറ്റപ്പെടുത്തി.